വിവാഹങ്ങൾക്ക് സ്വർണം നൽകാമെന്നു വാഗ്ദാനം, ജ്വല്ലറി ഉടമ തട്ടിയെടുത്തത് ലക്ഷങ്ങൾ

Published : Jul 24, 2021, 04:19 PM IST
വിവാഹങ്ങൾക്ക് സ്വർണം നൽകാമെന്നു വാഗ്ദാനം, ജ്വല്ലറി ഉടമ തട്ടിയെടുത്തത് ലക്ഷങ്ങൾ

Synopsis

ഇതോടെ കബളിപ്പിക്കലിന് ഇരയായവരുടെ എണ്ണം 20 ആയി. ആകെ 60 പവനാണു നഷ്ടമായത്. വർഷങ്ങൾക്ക് മുൻപ് അന്നത്തെ വിലയ്ക്ക് പിന്നീട് വിവാഹത്തിനു സ്വർണം നൽകാമെന്നു പറഞ്ഞാണ് ഉണ്ണിക്കൃഷ്ണൻ പലരിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയത്. 

ആലപ്പുഴ: ഹാൾമാർക്ക് മുദ്ര പതിപ്പിച്ച് നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങളുടെ സ്വർണം കൈക്കലാക്കി മുങ്ങിയ ജ്വല്ലറി ഉടമ വർഷങ്ങൾക്കു മുൻപ് വിവാഹങ്ങൾക്ക് സ്വർണം നൽകാമെന്നു വാഗ്ദാനം നൽകിയും വൻ തുക തട്ടിയതായി പരാതി. പലരിൽ നിന്നും കടം വാങ്ങിയ ലക്ഷങ്ങൾ തിരികെ കൊടുത്തില്ലെന്നും പരാതിയുണ്ട്. മുതുകുളം പാണ്ഡവർകാവ് ജംക്​ഷനിൽ ജ്വല്ലറി നടത്തിയിരുന്ന മുതുകുളം വടക്ക് ആയില്യത്ത് ഉണ്ണിക്കൃഷ്ണനെതിരെ 15 പേർ കൂടി  കനകക്കുന്ന് പൊലീസിൽ പരാതി നൽകി. 

ഇതോടെ കബളിപ്പിക്കലിന് ഇരയായവരുടെ എണ്ണം 20 ആയി. ആകെ 60 പവനാണു നഷ്ടമായത്. വർഷങ്ങൾക്ക് മുൻപ് അന്നത്തെ വിലയ്ക്ക് പിന്നീട് വിവാഹത്തിനു സ്വർണം നൽകാമെന്നു പറഞ്ഞാണ് ഉണ്ണിക്കൃഷ്ണൻ പലരിൽ നിന്നു ലക്ഷങ്ങൾ വാങ്ങിയത്. 2 വർഷം മുൻപ് മാന്നാർ ഉളുന്തി സ്വദേശിയിൽ നിന്ന് 3.1 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വിവാഹത്തിനു 2 ദിവസം മുൻപ് സ്വർണം വീട്ടിലെത്തിക്കാമെന്നാണ് അറിയിച്ചത്. സെപ്റ്റംബർ എട്ടിനു വിവാഹം നടത്താൻ നിശ്ചയിച്ചു. വിവാഹത്തിന് ഉണ്ണിക്കൃഷ്ണനെ ക്ഷണിക്കാൻ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ക്ഷണക്കത്തുമായി എത്തിയപ്പോഴാണ് കടയും വീടും അടഞ്ഞു കിടക്കുന്നത് അറിഞ്ഞത്. 

കൂലിപ്പണിക്കാരായ കുടുംബാംഗങ്ങൾ വർഷങ്ങൾ ജോലി ചെയ്ത് സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്. ഇത്തരത്തിൽ മറ്റു പലരും കബളിപ്പിക്കപ്പെട്ടെന്നാണ് വിവരം. മുതുകുളം ചൂളത്തെരുവ് സ്വദേശി ഹാൾമാർക്ക് പതിക്കാൻ മാർച്ച് 12നു നൽകിയ 4.5 പവൻ തിരികെ നൽകിയിട്ടില്ല. ജ്വല്ലറി അവസാനമായി തുറന്ന കഴിഞ്ഞ 16നു ചെന്നപ്പോൾ സേട്ടിനു നൽകിയ സ്വർണം ഹാൾമാർക്ക് പതിച്ച് മറ്റൊരു ജ്വല്ലറിയിലാണ് എത്തിച്ചതെന്നും അവിടെ നിന്നു വരുത്തി ഉടനെ നൽകുമെന്നുമായിരുന്നു മറുപടി. 

ഹാൾമാർക്ക് പതിക്കാൻ സ്വർണം നൽകിയ മിക്കവർക്കും സമാനമായ മറുപടിയാണ് ലഭിച്ചത്. സ്വർണം കൈപ്പറ്റിയതിനു മതിയായ രേഖ ആർക്കും നൽകിയിട്ടില്ല. പകരം തുണ്ടു കടലാസിലെ കുറിപ്പാണ് നൽകിയത്. ചിലർക്ക് അതും കിട്ടിയില്ല. ജ്വല്ലറി ഉടമ ഇത്തരം തട്ടിപ്പു നടത്തുന്നതായി കഴിഞ്ഞ 16ന് ആണ് പൊലീസിനു വിവരം ലഭിച്ചത്. ഹാൾമാർക്ക് പതിച്ച് സ്വർണം തിരികെ ലഭിക്കാത്തതിന് രണ്ട് സ്ത്രീകൾ കടയിലെത്തി ബഹളം കൂട്ടി. കടയിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി സ്ത്രീകളോട് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. 

ഒളിവിലായ ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എങ്കിലും സൈബർ സെൽ വഴി ആളെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. 16–ാം തീയതി മുതൽ അടഞ്ഞു കിടക്കുന്ന ജ്വല്ലറി പൊലീസ് ഉടൻ തന്നെ തുറന്നു പരിശോധിക്കും. ജ്വല്ലറിക്ക് പൊലീസ് കാവലുണ്ട്. ഉണ്ണിക്കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്ന 3 കാറുകളും 3 മിനിബസുകളും ഇപ്പോൾ കാണാനില്ല. 2 വർഷം മുൻപ് മുരിങ്ങച്ചിറയ്ക്ക് പടിഞ്ഞാറ് ഇയാൾ നിർമിച്ച കൂറ്റൻ വീട് പൂട്ടിക്കിടക്കുകയാണ്. ഇത് വിറ്റതായി പറയപ്പെടുന്നതിനാൽ വസ്തുത അറിയാൻ പൊലീസ് റവന്യൂ വകുപ്പിന്റെ സഹായം തേടി. ഉണ്ണിക്കൃഷ്ണന്റെ ഭാര്യയെയും രണ്ട് മക്കളെയും പറ്റിയും വിവരമില്ല. നേരത്തേ ഹരിപ്പാട്ടെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന ഇയാൾ ആറ് വർഷം മുൻപാണ് പാണ്ഡവർകാവ് ജംക്​ഷനിൽ കട തുടങ്ങിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ