
ആലപ്പുഴ: ആലപ്പുഴയിലെ (Alappuzha) കൊഴുവല്ലൂരിൽ വയോധികയുടെ വീട്ടുമുറ്റത്തെ അടുപ്പുകല്ല് മാറ്റി കെ റെയിലിന് (K Rail) കല്ലിട്ട് അധികൃതർ. 64 വയസ്സുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നരസെന്റിലുള്ള വീടിന്റെ പുറത്ത് കൂട്ടിയ അടുപ്പ് കല്ല് പറിച്ചുകളഞ്ഞാണ് കെ റെയിലിന് കല്ലിട്ടത്. 20 വയസ്സുകാരൻ മകൻ ടെറ്റസിനൊപ്പം ഒറ്റമുറി വീട്ടിലാണ് തങ്കമ്മ കഴിയുന്നത്. സംഭവത്തിൽപ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കല്ലിട്ട ഉദ്യോഗസ്ഥർ പോയതിന് പിന്നാലെ നാട്ടുകാർ കല്ല് പിഴുതെറിഞ്ഞു.
ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കാൻ അപേക്ഷ നൽകിയിരിക്കുകയായിരുന്നു തങ്കമ്മ. വീട് നിർമ്മിക്കാൻ സഹോദരൻ നൽകിയതാണ് ഈ മൂന്ന് സെന്റ്. നേരത്തേ റേഷൻ കാർഡ് ഇല്ലാത്തതിനാൽ അപേക്ഷ തള്ളിപ്പോയിരുന്നു. ഇത്തവണ റേഷൻ കാർഡെല്ലാം ശരിയാക്കി ലൈഫിൽ വീട് ലഭിക്കുന്നതും കാത്തിരിക്കുമ്പോഴാണ് കെ റെയിലിന്റെ കല്ല് അടുപ്പിൽ തന്നെ വീണത്.
അതേസമയം പള്ളി വക ഭൂമിയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വിശ്വാസികൾ തടഞ്ഞു. കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വക ഭൂമിയിലാണു കല്ലിടാൻ എത്തിയത്. വിശ്വാസികളെ പൊലീസ് ഗേറ്റിൽ തടഞ്ഞു. എന്നാൽ മറ്റ് വഴിയിലൂടെ കടന്ന കുറച്ച് വിശ്വാസികൾ മുദ്രാവാക്യങ്ങളുമായി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
ഇതിനിടെ വനിതാ പൊലീസും സ്ത്രീകളുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധിച്ചെത്തിയവരെ പൊലീസ് സ്ഥലത്ത് നിന്നു മാറ്റി. വൻ പൊലീസ് സന്നാഹത്തിനു പുറമേ അഗ്നിരക്ഷാ സേനയും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയായിരുന്നു കല്ലിടലിന് ഉദ്യോഗസ്ഥരെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam