അസഹനീയമായ ദുർഗന്ധവും കുരയും, യുവതി വാടക വീട്ടിൽ പാർപ്പിച്ചത് 42 തെരുവുനായ്ക്കളെ ; പ്രതിഷേധവുമായി നാട്ടുകാർ

Published : Mar 06, 2025, 06:11 PM ISTUpdated : Mar 06, 2025, 06:23 PM IST
അസഹനീയമായ ദുർഗന്ധവും കുരയും, യുവതി വാടക വീട്ടിൽ പാർപ്പിച്ചത് 42 തെരുവുനായ്ക്കളെ ; പ്രതിഷേധവുമായി നാട്ടുകാർ

Synopsis

എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ നാട്ടുകാരുടെ പ്രതിഷേധം. യുവതി വീട് വാടകയ്ക്ക് എടുത്ത് 42ഓളം തെരുവുനായ്ക്കളെയാണ് കൂട്ടത്തോടെ വീട്ടിൽ പാര്‍പ്പിച്ചിരുന്നത്. ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും സഹിക്കാൻ കഴിയാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കൊച്ചി: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ മതിലിനോട് ചേര്‍ന്ന് ഷീറ്റുകൊണ്ട് മറച്ച ഭാഗം തകര്‍ത്ത് അകത്തുകയറി. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പാണ് പത്തനംതിട്ട സ്വദേശികളായ യുവതിയും സ്ത്രീയുമാണ് വീട് വാടയ്ക്ക് എടുത്തിരുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.

തെരുവില്‍ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് ജനവാസ മേഖലയിലെ വീട്ടില്‍ കൂട്ടമായി പാര്‍പ്പിച്ചെന്നാണ് പരാതി. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചതെന്ന് പിവി ശ്രീനിജന്‍ എംഎൽഎ പറഞ്ഞു. വീട് വാടകയ്ക്ക് എടുത്ത് 42ഓളം തെരുവുനായ്ക്കളെയാണ് കൂട്ടത്തോടെ വീട്ടിൽ പാര്‍പ്പിച്ചിരുന്നത്. അസഹനീയമായ ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുസ്സഹമായെന്നും ഇതേതുടര്‍ന്നാണ് പ്രതിഷേധിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ച് വീട് വാടകയ്ക്ക് എടുത്തത്. രണ്ടു വളര്‍ത്തുനായ്ക്കളെ താമസിപ്പിക്കുമെന്ന് മാത്രം പറഞ്ഞാണ് എഗ്രിമെന്‍റ് എഴുതിയത്. എന്നാൽ, ഇവര്‍ അവിടെ താമസിക്കാതെ തെരുവുനായ്ക്കളുടെ ഷെൽറ്റര്‍മാക്കി വീട് മാറ്റുകയായിരുന്നുവെന്ന് പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു. യാതൊരു മാനദണ്ഡവുമില്ലാതെ ജനവാസ മേഖലയുടെ മധ്യത്തിലാണ് തെരുവുനായ്ക്കളെ പാര്‍പ്പിച്ചിരുന്നത്. അവര്‍ക്ക് മൃഗസ്നേഹമാണ് നാട്ടുകാര്‍ക്കൊന്നും നായ്ക്കളോട് സ്നേഹമില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. വളരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് യുവതിയും സ്ത്രീയും പ്രതികരിച്ചതെന്നും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു. ആരോഗ്യവകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചശേഷമാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. ഗേറ്റ് തുറക്കാൻ പറഞ്ഞിട്ടും തുറക്കാത്തതിനാലാണ് മതിൽ കടന്ന് അകത്ത് കയറിയത്.

ഒഴിഞ്ഞുപോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നാണ് വീട്ടുടമസ്ഥൻ പറഞ്ഞത്. യുവതിയും മറ്റൊരു സ്ത്രീയുമാണ് വീട് വാടകക്ക് എടുത്തത്. വീട്ടിന്‍റെ മുറ്റത്ത് നിറയെ പട്ടികളുടെ വിസര്‍ജ്യമാണെന്നും തീര്‍ത്തും അസഹനീയമായ അന്തരീക്ഷമാണെന്നും യുവതിയും സ്ത്രീയും അവിടെ താമസിക്കുന്നില്ലെന്നും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു. കോലഞ്ചേരിയിലെ എബിസി സെന്‍ററിലേക്ക് നായ്ക്കളെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായിട്ടില്ല. 20000ത്തോളം രൂപ വാടക നൽകിയാണ് അവര്‍ വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇവര്‍ക്ക് സിഎസ്ആര്‍ ഫണ്ട് അടക്കം ലഭിക്കുന്നുണ്ടോയന്ന കാര്യം സംശയമുണ്ടെന്നും പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

 

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു