സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധം; സൈക്കിൾ യാത്രയുമായി 13-കാരി

By Web TeamFirst Published Oct 6, 2021, 10:13 PM IST
Highlights

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധവുമായി 13 വയസ്സുകാരി സൈക്കിൾ യാത്ര നടത്തി. വിയപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സൽമ സബീറാണ് 70 കിലോമീറ്റർ പ്രതിഷേധ സൈക്കിൾ യാത്ര നടത്തിയത്. 

ഹരിപ്പാട്: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ( violence against women )പ്രതിഷേധവുമായി 13 വയസ്സുകാരി സൈക്കിൾ യാത്ര(bicycle ride) നടത്തി. വിയപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സൽമ സബീറാണ് 70 കിലോമീറ്റർ പ്രതിഷേധ സൈക്കിൾ യാത്ര നടത്തിയത്. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പിഎ ഷാനവാസ് ഫ്ലാഗ് ഓഫ് നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത വിനീഷ്, ജഗേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജഹാൻ, സൈമൺ എബ്രഹാം, മോൻസി, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. വീയപുരം കൂട്ടുമ്മകിഴക്കതിൽ സബീർ- റംസി ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ മകളാണ് സൽമ സബീർ. 

പെൺകുട്ടികൾക്കും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന മുദ്രാവാക്യവുമായി വീയപുരത്തുനിന്നും ഇന്ന് രാവിലെ 7.30ന് സൈക്കിൾ യാത്ര നടത്തി 70 കിലോമീറ്ററോളം താണ്ടി കൊട്ടിയത്ത് എത്തിയത്. വഴിയോരങ്ങളിൽ സ്നേഹാദരവുകൾ ഏറ്റുവാങ്ങി രണ്ടുമണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. 

വെയിലും മഴയും വകവെക്കാതെയാണ് യാത്ര. അഭിനന്ദനങ്ങളറിക്കാൻ വിവിധ സ്കൂളുകളിൽ നിന്ന് അദ്ധ്യാപകരും, വിദ്യാർത്ഥികളും അണിചേർന്നപ്പോൾ കുട്ടി പൊലീസിനെ വരവേല്ക്കാൻ പോലീസുകാരും രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികളും വിവിധ സന്നദ്ധ പ്രവർത്തകരും കുട്ടിപോരാളിയെ ആശീർവാദം അറിയിക്കാൻ വഴിയോരങ്ങളിൽ നില ഉറപ്പിച്ചിരുന്നു. 

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ യാത്രയുടേ വാർത്തകൾ പ്രചരിച്ചതോടെ പ്രതീക്ഷയോടെ കാത്തുനിന്നവർ നിരവധിയാണ്. സ്വീകരണവേളകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സൽമ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. 

പഠനത്തിലും, കലാകായികമേഖലകളിലും മികവുകാണിക്കുന്ന കുട്ടിയാണെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കരാട്ടയിലും, ഫുട്ബോളിലും പരിശീലനം നടത്തുന്നുണ്ട്  ഈ കൊച്ചുമിടുക്കി.

click me!