ദേവികുളം-ഓഡിക്കെ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കണം; സമരം ശക്തം

By Web TeamFirst Published Nov 5, 2019, 10:58 AM IST
Highlights

ചിന്നക്കനാല്‍ ജനകീയ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദേവികുളം സബ് കളക്ടര്‍ക്ക് നിവേദനം നല്‍കും. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാല്‍നടയാത്ര നടത്തും. ലോക്കാട് ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം നിലച്ചതോടെ കിലോമീറ്ററുകള്‍ താണ്ടിയാണ് മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ ചിന്നക്കനാലില്‍ എത്തുന്നത്

ഇടുക്കി: ദേവികുളം-ഓഡിക്കെ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ സമരം ശക്തമാക്കി ചിന്നക്കനാല്‍ ദേവികുളം നിവാസികള്‍. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാല്‍ ജനകീയ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദേവികുളം സബ് കളക്ടര്‍ക്ക് നിവേദനം നല്‍കും. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കാല്‍നടയാത്ര നടത്തും.

ലോക്കാട് ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം നിലച്ചതോടെ കിലോമീറ്ററുകള്‍ താണ്ടിയാണ് മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ ചിന്നക്കനാലില്‍ എത്തുന്നത്. ഇത് സമയനഷ്ടത്തോടൊപ്പം പണനഷ്ടത്തിനും  ഇടയാക്കുന്നുവെന്നാണ് പരാതി. മാത്രമല്ല മൂന്നാറില്‍ നിന്നുള്ള നിരവധി കുട്ടികള്‍ ചിന്നക്കനാലിലെ മൗണ്ട് ഫോര്‍ട്ട് സ്‌കൂളിലാണ് പഠിക്കുന്നത്.

ഗതാഗതം നിലച്ചതോടെ കുട്ടികളുടെ തുടര്‍പഠനവും നിലച്ചു. ഇപ്പോള്‍  കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം. ജിയോളജിക്കല്‍ വകുപ്പിന്റെ ശാസ്ത്രീയ പഠനം നീണ്ടു പോകുന്നതിനാല്‍ പണികള്‍ നിലച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുബോഴും ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല.

ആദ്യകാലത്ത് മൂന്നാറില്‍ നിന്ന് ബോഡിമേട്ടിലെത്തി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ ദേവികുളം-ഓഡിക്കെ വഴിയാണ് ഉപയോഗിച്ചിരുന്നത്. 15 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ചിന്നക്കനാലിലെത്തി അവിടെ നിന്നും തമിഴ്‌നാട്ടില്‍ പ്രവേശിക്കാം. ഗ്യാപ്പ് റോഡുവഴിയാണെങ്കില്‍ 22 കിലോമീറ്റര്‍ സഞ്ചരിച്ച് ബോഡിമെട്ട് വഴിവേണം തമിഴ്‌നാട്ടിലെത്താന്‍.

കബനിയുടെയും റവന്യു വകുപ്പിന്റെയും ഉടമസ്ഥയിലുള്ള റോഡ് തുറന്നുനല്‍കിയാല്‍ നിലവിലെ യാത്ര ക്ലേശം പരിഹരിക്കാം. എന്നാല്‍ ആദ്യകാലത്തെ റോഡ് തുറന്നു നല്‍കുവാന്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍  ഫാ. വിക്ടര്‍ ജോര്‍ജ്ജ്, ജി എച്ച് ആല്‍വിന്‍, ചിന്നക്കനാല്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. കറുപ്പായി, സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ ജനകീയ രക്ഷാസമിതി രൂപീകരിച്ചു.

വെള്ളിയാഴ്ച സംഘം ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണയെ നേരില്‍കണ്ട്  പ്രദേശവാസികളായ ആയിരക്കണക്കിനുപേര്‍ ഒപ്പിട്ട നിവേദനം കൈമാറും. തുടര്‍ന്ന് ദേവികുളം- ഓഡിക്കെവഴി കാല്‍നടയാത്ര നടത്തും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റോഡ് അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് കാല്‍ നടയാത്ര.

click me!