
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി.എസ്.സി ചെയർമാന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളിൽ പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കിക്കഴിഞ്ഞു.
പരീക്ഷാ അട്ടിമറിയിലും ക്രമക്കേടുകളിലും ചെയർമാന്റെയോ മറ്റ് അംഗങ്ങളുടെയോ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.അതേസമയം, സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി.എസ്.സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ്.എഫ്.ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നുമാണ് മറ്റ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം.
വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പി.എസ്.സി അംഗങ്ങൾ തയ്യാറായേക്കുമെന്നാണ് ലഭിക്കുന്ന വിവരം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam