തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ വീണ് കിണർ പൂർണമായി തകർന്നു. അപകട സമയത്ത് ആരും പുറത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടുമുകളിലായി മറ്റൊരു പാറ കൂടി വീഴാറായ അവസ്ഥയിലുള്ളതിനാൽ കുടുംബം കടുത്ത ഭീതിയിലാണ്.
തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ വീണു കിണർ പൂർണമായി തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ പുരയിടത്തിൽ നിന്നാണ് വലിയ പാറ ബിനുവിന്റെ വീടിന് സമീപമുള്ള കിണറിന് മുകളിലേക്ക് പതിച്ചത്.
വലിയ ശബ്ദത്തോടെ പാറ പതിച്ചതിനെ തുടർന്ന് കിണർ പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. അപകട സമയത്ത് വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാറ അൽപം കൂടി ഉരുണ്ട് വന്നിരുന്നെങ്കിൽ വീട് പൂർണമായി തകരുമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. സംഭവ സമയത്ത് ബിനുവും കിടപ്പുരോഗിയായ അമ്മയും അച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബിനുവിന്റെ കുടുംബവും സമീപവാസികളും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണ് അപകടത്തിൽ തകർന്നത്.
വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം സ്ഥലത്തെത്തി. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുകളിലായി മറ്റൊരു വലിയ പാറ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ നിൽക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. തുടർന്നുള്ള അപകട സാധ്യത മൂലം വലിയ ഭീതിയിലാണ് നിലവിൽ ഈ കുടുംബം കഴിയുന്നത്.







