
മലപ്പുറം: മത്തിയുടെ വരവ് കടലോരത്ത് ആഹ്ലാദം തീര്‍ക്കുമ്പോഴും പല കാരണങ്ങളാല്‍ വല തകര്‍ന്ന് തിരിച്ചുവരുന്നവരുടെ മനസില്‍ കണ്ണീരിന്റെ കടലിരമ്പം. ചാകര കിട്ടുന്ന കാലത്ത് മീന്‍ പിടിക്കാന്‍ വലയില്ലാതെ വരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഇരട്ട ആഘാതമാണ് തീര്‍ക്കുന്നത്. മത്സ്യം ലഭിക്കാതെ വന്ന ദീര്‍ഘകാല ഇടവേളക്ക് ശേഷം മത്തിച്ചാകര വന്നപ്പോഴാണ് ഈ ദുരവസ്ഥ. ചാകരക്കിടയില്‍ പതിയിരിക്കുന്ന കടല്‍ മാക്രികളുടെ ആക്രമണത്തില്‍ വലകള്‍ പാടെ തകരുകയാണ്. ഇതിനു പുറമെയാണ് സ്‌കാനറില്‍ കാണാതെ പോകുന്ന കടല്‍പാറകളും വിലങ്ങുതടിയാകുന്നത്. കടല്‍ പാറകളില്‍ കുടുങ്ങി ലക്ഷങ്ങളുടെ വലകളാണ് തകര്‍ന്നടിയുന്നത്. ഇവ തുന്നിച്ചേര്‍ക്കാന്‍ ദിവസങ്ങളോളം വേണ്ടി വരുന്നതിനാൽ യാതൊരുവിധ വരുമാനമോ തൊഴിലോ ഇല്ലാതെ തൊഴിലാളികള്‍ കഷ്ടപെടുകയാണ്.
കര്‍ണാടകയിലെ മത്സ്യ ഉല്‍പന്ന ഫാക്ടറികളിലേക്ക് എത്ര ടണ്‍ മത്തിയും ഏറ്റെടുക്കുന്ന സ്ഥിതിയുള്ളപ്പോഴാണ് വലനാശം മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കണ്ടയ്നറില്‍ തട്ടി വല തകര്‍ന്നിരുന്നു. ചാപ്പപ്പടിയില്‍നിന്ന് മീന്‍ പിടിക്കാന്‍പോയ കുഞ്ഞിക്കണ്ണന്റെ പുരക്കല്‍ അസ്‌കര്‍ ലീഡറായ ലബീബ് ഫൈബര്‍ വള്ളത്തിന്റെ വലയാണ് കണ്ടെയ്നറിൽ തട്ടി തകര്‍ന്നത്. വള്ളത്തിന്റെ ഒരുഭാഗം സംഭവത്തിന് പിന്നാലെ കടലില്‍ മുങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് 40 പേരടങ്ങുന്ന സംഘം പണിക്ക് പോയത്. 10.37 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് സംഭവം. 15 ലക്ഷം വില വരുന്ന പുതിയ വലയാണ് തകര്‍ന്നത്. രണ്ടാഴ്ച മുമ്പ് വളത്തില്‍ കയറ്റിയതായിരുന്നു വല, തകര്‍ന്ന് കടലില്‍ മുങ്ങിയ വലക്ക് അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും തകരാറ് പരിഹരിക്കാൻ രണ്ട് മാസം വേണ്ടി വരുമെന്നും ഈ സമയത്ത് കടലിൽ പോകാന്‍ കഴിയില്ലെന്നുമാണ് ഉടമ വിശദമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam