
പുല്‍പ്പള്ളി: സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറിയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞുണ്ടായ സംഭവത്തിന്റെ നടുക്കം നാട്ടുകാര്‍ക്കിപ്പോഴും പോയിട്ടില്ല. എശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിന്റെ ആടുകളെയായിരുന്നു ചെന്നായക്കൂട്ടം ആക്രമിച്ചത്.
വനത്തിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പുലികുത്തിയില്‍ വില്‍സന്റെ മകന്‍ ഡോണിനെ ചെന്നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി വീടിനുള്ളില്‍ കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവരുടെ അയല്‍ക്കാരന്‍ ഷാജുവിന്റെ വീടിന് പിറകില്‍ കെട്ടിയിട്ടിരുന്ന ആടുകളില്‍ മൂന്നെണ്ണത്തിനെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ആടുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. അതേ സമയം വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്. ഉദ്യോഗസ്ഥരെത്തിയപ്പോള്‍ നാട്ടുകാര്‍ അവര്‍ക്ക് നേരെ പ്രതിഷേധമറിയിച്ചിരുന്നു. ഐശ്വര്യക്കവലയിലും പരിസരത്തുമുള്ള വനപ്രദേശങ്ങളില്‍ വലിയ ചെന്നായ്ക്കൂട്ടങ്ങളുള്ളതായും പലപ്പോഴും വളര്‍ത്തുമൃഗങ്ങളെയടക്കം ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam