
ഷൊർണൂർ: ഭൂമിയിൽ ജനിച്ച് വീണ് ദിവസങ്ങൾ മാത്രമായ കണ്ണ് പോലും തുറക്കാത്ത അഞ്ച് നായകുഞ്ഞുങ്ങൾക്ക് നേരെ ഉപമിക്കാനാവാത്ത ക്രൂരത. നായക്കുഞ്ഞുങ്ങളെ ചാക്കിലാക്കി കൊണ്ട് വന്ന് ടാറിട്ട റോഡിൽ അടിച്ചു കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് റോഡില്‍ നായ കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയത്. അഞ്ച് നായകുഞ്ഞുങ്ങളിൽ ഒരെണ്ണം മൃതപ്രായമായി തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ കരഞ്ഞ് ശബ്‍ദമുണ്ടാക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്.
ചാക്കിലാക്കി റോഡിലടിച്ച സമയത്ത് പരിക്കേറ്റ് തെറിച്ച് പോയതാവാം ഈ നായ കുഞ്ഞ്. തല പൊട്ടിയും വയർ പിളർന്നും ഉടൽപ്പൊട്ടിയും ചതഞ്ഞരഞ്ഞും റോഡിൽ ചത്ത നിലയിലാണ് മറ്റ് നായക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. തെരുവ് നായ ജന്മം നൽകിയ കുഞ്ഞുങ്ങളെ ആരോ ചാക്കിലാക്കി ഷൊര്‍ണൂര്‍ പൊതുവാൾ ജംക്ഷന് സമീപമുള്ള വിജനമായ ചെറിയ ബൈപാസ് റോഡിൽ എത്തിച്ച് അടിച്ച് കൊന്നതായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന് സമീപം രണ്ട് വീടുകളുണ്ട്. ഇതിന് സമീപത്താണ് ആരോ ഇത്തരമൊരു ക്രൂരത ചെയ്തിരിക്കുന്നത്. പ്രസവിച്ച തെരുവ് നായയെ എന്ത് ചെയ്തു എന്ന കാര്യത്തില്‍ വ്യക്തയില്ല. തെരുവ് നായകളോടുള്ള വിദ്വേഷം മനുഷ്യർ നായ കുഞ്ഞുങ്ങളോട് വരെ തീർക്കുന്നതിന്‍റെ നേർചിത്രമായി ഇതിനെ കണക്കാക്കാമെന്നാണ് മൃഗസ്നേഹികൾ ഈ വിഷയത്തോട് പ്രതികരിക്കുന്നത്. പരാതി ലഭിച്ചിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നായയുടെ കടിയേറ്റവർ പേവിഷ വാക്സിനെടുത്തിട്ടും മരിച്ചത് വാക്സിൻ ഗുണനിലവാരത്തിലെ പ്രശ്നം കൊണ്ടല്ലെന്ന് വിദഗ്ദ സമിതി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വാക്സിനെടുത്തിട്ടും മരിച്ചവർക്ക്, വാക്സിൻ ഫലിക്കാത്ത വിധമുള്ള ആഴത്തിലും; മുഖം , മുൻകൈ പോലുള്ള ഭാഗങ്ങളിൽ കടിയേറ്റതുമാണ് മരണകാരണമായതെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി തുടർ നടപടികളിലേക്ക് കടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam