
മാന്നാർ: ഹോട്ടലിൽ നിന്നുമുള്ള മാലിന്യം ഓടയിലേക്ക് ഒഴുകിപ്പോകാൻ സ്ഥാപിച്ച പൈപ്പുകൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അടപ്പിച്ചു. സ്റ്റോർ ജംഗ്‌ഷനിലെ ഓടയിൽ നിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പൊതുമരാമത്ത് വിഭാഗത്തിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഓടയുടെ മൂടികൾ നീക്കിയപ്പോഴാണ് സമീപത്തെ ഹോട്ടലിലെ മാലിന്യം ഒഴുക്കിവിടുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഹോട്ടലിൽ നിന്നുമുള്ള മാലിന്യം ഒഴുകിപ്പോകാൻ ഓടയിലേക്ക് തുറന്നു വെച്ച പൈപ്പുകൾ അടച്ച് ഓട ശുചീകരിച്ചു.
സംസ്ഥാന പാതയോരത്ത് മാന്നാർ ടൗണിൽ പോസ്റ്റ് ഓഫിസ് മുതൽ പരുമലക്കടവ് വരെയും ഓടകൾ ഉണ്ടെങ്കിലും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിട്ട് നാളുകളായി. മഴക്കാലമായാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ഓടകൾ കവിഞ്ഞ് വെള്ളം റോഡിലേക്കും സമീപ കടകളിലേക്കും കയറുന്നത് പതിവാണ്. ചെറിയൊരു മഴപെയ്താൽ പോലും ജംഗ്‌ഷനിൽ വെള്ളക്കെട്ട് സ്ഥിരമാണ്. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി മാന്നാർ ടൗണിലെ ഓടകൾ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.