
തൃശൂര്‍: പൂച്ചയെ പിടിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ രണ്ടരമണിക്കൂറോളം നാട്ടുകാരെ വട്ടം കറക്കി പെരുമ്പാമ്പ്. ഗുരുവായൂര്‍ തമ്പുരാന്‍ പടിയിലാണ് രാത്രി വൈദ്യുതി പോസ്റ്റിന് മുകളില്‍ പെരുമ്പാമ്പ് കയറിയത്. പെരുമ്പാമ്പിനെ കണ്ട പൂച്ച ചാടി രക്ഷപ്പെട്ടു. എന്നാൽ പാമ്പിന് തിരികെ ഇറങ്ങാനായില്ല. പാമ്പ് വൈദ്യുതി ലൈനിന് അടുത്തെത്താറായപ്പോഴേക്കും നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് കെ.എസ്.ഇ.ബി. ജീവനക്കാര്‍ വൈദ്യുതി ബന്ധം വിചേ്ഛദിച്ചു. പോസ്റ്റിന് ഏറ്റവും മുകളില്‍ കയറിയ പെരുമ്പാമ്പ് 11 കെവി ലൈനിലൂടെചുറ്റിവരിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്ത് സിവില്‍ ഡിഫന്‍സ് പ്രവർത്തകരുമെത്തി. വന്യമൃഗങ്ങളെ പിടികൂടുന്നതില്‍ വിദഗ്ധനായ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ കോണി ഉപയോഗിച്ച് പോസ്റ്റിനു മുകളില്‍ കയറി. പാമ്പ് ആക്രമണ സ്വഭാവം കാണിച്ചതോടെ പ്രബീഷ് താഴെയിറങ്ങി തോട്ടി ഉപയോഗിച്ച് പാമ്പിനെ വലിച്ചു താഴെയിട്ടു. വൈദ്യുതി കമ്പിയില്‍ ചുറ്റി വലിഞ്ഞിരുന്നതിനാല്‍ ഏറെ പാടുപെട്ട് പത്തരയോടെയാണ് പാമ്പിനെ പിടികൂടാനായത്.
അതുവരെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. രണ്ടരമണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. രാവിലെ പ്രദേശത്തെ വീട്ടുമുറ്റത്തെ മരത്തില്‍നിന്ന് മറ്റൊരു പെരുമ്പാമ്പിനെ പ്രബീഷ് പിടികൂടിയിരുന്നു. പേരകം കറുപ്പും വീട്ടില്‍ ബഷീറിന്റെ വീട്ടുമുറ്റത്തെ മരത്തിന് മുകളില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ടു പാമ്പുകള്‍ക്കും ആറടിയോളം നീളം ഉണ്ടായിരുന്നു. ഇവയെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി. 2018ലെ പ്രളയത്തിനുശേഷം മേഖലയില്‍ പെരുമ്പാമ്പുകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണെന്ന് പ്രബീഷ് ഗുരുവായൂര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam