ശബരിമല; ആര്‍എസ്എസ് വേദിയില്‍ മുതിര്‍ന്ന നേതാവ് ആര്‍ സഞ്ജയന്‍റെ 'മൗന പ്രതിഷേധം'

By Web TeamFirst Published Oct 29, 2018, 9:21 AM IST
Highlights

സംഘാടകരിൽ പ്രധാനികളായ പല നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസാരിക്കനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കൃഷ്ണനോടുള്ള ബഹുമാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പേരിലാണ് ചടങ്ങിന് വന്നതെന്നു വ്യക്തമാക്കി അദ്ദേഹം വേദിയിൽ ഇരുന്നു. മാടമ്പ് കുഞ്ഞികുട്ടൻ അധ്യക്ഷത വഹിച്ച വേദിയിൽ സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.പി.കെ മാധവനും ഉണ്ടായിരുന്നു

തൃശൂർ: ആർഎസ്എസ് വേദിയിൽ ആർ സഞ്ജയന്‍റെ 'മൗന പ്രതിഷേധം'. ആർഎസ്എസ് സാംസ്കാരക വിഭാഗമായ തപസ്യ സംഘടിപ്പിച്ച മുതിർന്ന നേതാവ് എം.എ കൃഷ്ണന്‍റെ നവതി ആഘോഷചടങ്ങിലാണ് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ ശബരിമല പ്രതിഷേധ നിലപാട് പ്രകടമായത്. രണ്ടുദിവസായി തുടർന്ന നവതിയാഘോഷമായ 'സാഹിത്യോത്സവ'ത്തിൽ 'സാമൂഹിക പരിഷ്കരണത്തിന്‍റെ നാൾവഴികൾ' എന്ന സെമിനാറിൽ വിഷയാവതാരകനായിരുന്നു സഞ്ജയൻ.

സംഘാടകരിൽ പ്രധാനികളായ പല നേതാക്കളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസാരിക്കനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. കൃഷ്ണനോടുള്ള ബഹുമാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പേരിലാണ് ചടങ്ങിന് വന്നതെന്നു വ്യക്തമാക്കി അദ്ദേഹം വേദിയിൽ ഇരുന്നു. മാടമ്പ് കുഞ്ഞികുട്ടൻ അധ്യക്ഷത വഹിച്ച വേദിയിൽ സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.പി.കെ മാധവനും ഉണ്ടായിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്ത് ജന്മഭൂമിയിൽ ലേഖനം എഴുതിയ സഞ്ജയൻ സമരത്തെ അസന്നിഗ്ധമായി തള്ളിപ്പറഞ്ഞിരുന്നു. വിധി രാഷ്ട്രീയ ആയുധമാണെന്നും തിരിച്ചറിഞ്ഞ് ആർഎസ്എസും ബിജെപിയും നിലപാടു മാറ്റിയെങ്കിലും സഞ്ജയനെ തിരുത്താൻ നേതൃത്വത്തിനായില്ല. ലേഖനം വിവാദമായതിനു ശേഷം സഞ്ജയന്‍റെ പ്രതികരണം പിന്നീടുണ്ടായില്ലെന്നത് സംശങ്ങൾക്കും ഇടവയ്ക്കുന്നുണ്ട്. 

സംഘപരിവാറിന്‍റെ ഭീഷണി സഞ്ജയനുമേൽ ഉണ്ടെന്ന നിരീക്ഷണമാണ് പലകോണുകളിൽ നിന്നുമുള്ളത്. സഞ്ജയന്‍റെ ലേഖനത്തിനും മൗനത്തിനും ശേഷം, ശബരിമല വിഷയത്തിൽ സംഘപരിവാർ നിലപാട് വലിയതോതിൽ പ്രചരിപ്പിക്കുവാൻ ഭാരതീയ വിചാര കേന്ദ്രത്തിൻ്റെ നേതാക്കളെ കളത്തിലിറക്കിയത് സംശയങ്ങളുടെ ആഴം കൂട്ടുന്നുണ്ട്.

അതിനിടെ, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് 30 വർഷം മുമ്പ് സ്വാമി നിത്യ ചൈതന്യയതി പറഞ്ഞതുതന്നെയാണ് തനിക്കും പറയാനുള്ളതെന്ന് സ്വാമി വിനയ ചൈതന്യ വ്യക്തമാക്കി. തൃശൂരിൽ നടന്ന സി.പി ശ്രീധരൻ അനുസ്മരണ വേദിയിലാണ് സ്വാമി നടരാജ ഗുരുവിന്‍റെ ശിക്ഷ്യ പ്രമുഖനായ വിനയ ചൈതന്യ നിലപാട് വ്യക്തമാക്കിയത്.  

click me!