
തിരുവനന്തപുരം: അമ്മ അടുത്തില്ലാതായതോടെ കരഞ്ഞു തളർന്ന കുഞ്ഞിന് പാലൂട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ.ഇന്നലെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷയിൽ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിൻ്റെ കരച്ചിൽ സഹിക്കാനാവാതെ വന്ന പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിൾ എ.പാർവതിയാണ് കുഞ്ഞിന് പാലൂട്ടിയത്.
ഇന്നലെ രാവിലെ എട്ടരയോടെ നഗരൂർ രാജധാനി എഞ്ചിനീയറിങ് കോളെജിലായിരുന്നു പാർവതിക്ക് ഡ്യൂട്ടി. പട്ടം സ്വദേശിയായ യുവതി ഭർത്താവിനും രണ്ട് മാസം പ്രായമായ കൈക്കുഞ്ഞിനും ഒപ്പമാണ് പരീക്ഷയ്ക്കെത്തിയത്. 7.30 മുതൽ 8.30 വരെയാണ് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ട സമയം. കുഞ്ഞിന്റെ അമ്മ പരീക്ഷാ ഹാളിൽ പ്രവേശിച്ച് ലോഗിൻ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞ ശേഷമാണ് കുഞ്ഞ് നിർത്താതെ കരയാൻ തുടങ്ങിയത്.
കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞുമായി യുവതിയുടെ ഭർത്താവ് പരീക്ഷ നടക്കുന്ന കെട്ടിടത്തിന് സമീപമെത്തി സഹായം അഭ്യർഥിച്ചു. ഇതോടെ പരീക്ഷാഹാളിൽ പ്രവേശിച്ച യുവതിക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ പാർവതി കുഞ്ഞിന് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
തൻ്റെ ഒന്നര വയസുകാരിയായ മകളുടെ മുഖമാണ് ആ സമയത്ത് മനസ്സിൽ തെളിഞ്ഞതെന്ന് പാർവതി പറഞ്ഞു. പരീക്ഷാ ഹാളിൽ നിന്നിറങ്ങിയ ശേഷം അമ്മയും അച്ഛനും ചേർന്ന് നന്ദിയറിയിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ അമൻദീപ് കപൂർ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും നഗരൂരിലെ പരീക്ഷാ സെൻ്ററിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പാർവതിയെ കണ്ട് അഭിനന്ദനം അറിയിച്ച് പ്രത്യേക സമ്മാനവും നൽകി. കൊല്ലം പള്ളിമൺ ഇളവൂർ സ്വദേശിയാണ് പാർവതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam