
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ സാധ്യതയെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ള മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കൊളച്ചൽ മുതൽ കിലക്കരൈ വരെ) ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃകര്‍ നിര്‍ദേശിച്ചു. കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കലിൽ മണിക്കൂറിൽ 115-125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 135 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് നിലനിൽക്കുന്നുണ്ട്.
അടുത്ത ആറ് മണിക്കൂറിൽ കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് മണിക്കൂറിൽ 120-130 കി.മീ വരെയും ചില അവസരങ്ങളിൽ 140 കി.മീ. വരെ വേഗതയിലും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 24 രാത്രി 11.30 IST യോട് കൂടി കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 100-110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും; ഒക്‌ടോബർ 25 വൈകുന്നേരം 5.30 IST യോട് കൂടി മണിക്കൂറിൽ 65-75 കി.മീ വരെയും ചില അവസരങ്ങളിൽ 85 കി.മീ. വരെയും ആകാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More : 'കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്റര്‍ ഈ വര്‍ഷം തന്നെ'; നിര്‍മ്മാണപ്രവര്‍ത്തനം വേഗത്തിലെന്ന് മന്ത്രി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam