വയനാട് ജില്ലയിലുടനീളം പ്രായമായവരെ ലക്ഷ്യമിട്ട് മാലമോഷണം നടത്തിവന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ പോലീസ് പിടികൂടി. പല പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ചുറ്റികറങ്ങി മോഷണം നടത്തുന്ന ഇവര്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളുണ്ട്. പ്രത്യേക അന്വേഷണ സംഘം മീനങ്ങാടിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ ഒടുവില്‍ പൊലീസിന്‍റെ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂര്‍, കണ്ണകി എന്ന അര്‍ച്ചന(രമ്യ-30), തിരുപ്പരകോന്‍ഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്. ഇവര്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മാലമോഷണം നടത്തി വന്നവരായിരുന്നു.

പ്രായമായവരെ പിന്തുടര്‍ന്ന് അവരറിയാതെ കവര്‍ച്ച നടത്തിയ ശേഷം ഓട്ടോറിക്ഷകളില്‍ പലയിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളില്‍ താമസിച്ചും കുറ്റ കൃത്യങ്ങള്‍ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ എസ്എജിഒസി കൂടാതെ മാനന്തവാടി എ എസ് പി കാര്‍ത്തിക്, ഡിവൈഎസ്പിമാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും ഓട്ടോറിക്ഷകളും ലോഡ്ജുകളും ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.