കടയും വീടുമെല്ലാം ബൊലോറോ പിക്കപ്പ് വാന്‍; മൺപാത്ര കച്ചവടവുമായി രാജസ്ഥാനി കുടുംബം

By Web TeamFirst Published Jan 16, 2023, 8:19 AM IST
Highlights

രണ്ടു നിലകളായി സജ്ജീകരിച്ചിരിക്കുന്ന വാഹനത്തിന്റെ  മുകൾനില കിടന്നുറങ്ങാനും താഴെയുള്ളത്  മൺപാത്രങ്ങൾ കച്ചവടം ചെയ്യാനുമാണ് ഇവര്‍ ഉപയോഗിക്കുന്നത്.

മാന്നാർ: കടയും വീടുമെല്ലാം ബൊലോറോ പിക്കപ്പ് വാന്‍. സംസ്ഥാനങ്ങള്‍ തോറും മണ്‍പാതക്കച്ചവടവുമായി എത്തുന്ന രാജസ്ഥാനി സംഘം മാന്നാറിലുമെത്തി. കര്‍ണാടകയില്‍ നിന്നും വയനാട്ടിലൂടെയാണ് മാന്നാറില്‍ സംഘമെത്തിയിരിക്കുന്നത്.  മണ്ണിൽ നിർമ്മിച്ച  ചായക്കപ്പുകളും കറിച്ചട്ടികളുമൊക്കെ വാഹനത്തിൽ കൊണ്ടുനടന്ന് വില്‍ക്കുകയാണ് സംഘം ചെയ്യുന്നത്. അമ്പത് രൂപമാത്രം വില വരുന്ന ഇരുമ്പ് ഫ്രെയിമുള്ള മണ്‍ ചട്ടിക്കാണ് ഇവിടെ ആവശ്യക്കാരേറെയുള്ളത്. ചപ്പാത്തി, ദോശ, ഓംലെറ്റ് എന്നിവ  ഉണ്ടാക്കുവാൻ ഉപയോഗിക്കാവുന്ന ചട്ടി വെറും അമ്പത് രൂപയ്ക്ക് എന്ന് തമിഴിലാണ് രാജസ്ഥാനി കച്ചവടക്കാര്‍ സ്പീക്കറിലൂടെ വിളിച്ച് പറയുന്നത്.   വിലക്കുറവുള്ള ചട്ടികള്‍ മാത്രമല്ല 200 രൂപ മുതൽ 600 വരെയുള്ള മോഡേൺ മൺപാത്രങ്ങളും ഇവരുടെ പക്കലുണ്ട്. 

മാന്നാറിൽ കഴിഞ്ഞ ദിവസം  രണ്ടു വാഹനങ്ങളാണ് എത്തിയത്. രണ്ടു നിലകളായി സജ്ജീകരിച്ചിരിക്കുന്ന വാഹനത്തിന്റെ  മുകൾനില കിടന്നുറങ്ങാനും താഴെയുള്ളത്  മൺപാത്രങ്ങൾ കച്ചവടം ചെയ്യാനുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. സമാനമായ  മുന്നോറോളം  വാഹനങ്ങളാണ് മൺപാത്ര കച്ചവടവുമായി രാജസ്ഥാനിൽ നിന്നും വന്നിട്ടുള്ളതെന്ന് രാജസ്ഥാനിലെ ഹിസമ്പൂർ വില്ലേജിൽ നിന്നുമുള്ള  സൊക്രാൻ ബാഗ്രിയ പറയുന്നത്. ഇദ്ദേഹത്തിന്റെ മകനും മരുമകളും കൊച്ചുമകനും ഉൾപ്പെടെയാണ് വാഹനത്തിൽ മൺപാത്ര കച്ചവടവുമായി എത്തിയിട്ടുള്ളത്. മകനാണ് വാഹനം ഓടിക്കുന്നത്. സൊക്രാൻ ബാഗ്രിയക്ക് രാജസ്ഥാനിൽ ഗോതമ്പ് കൃഷിയും പശു വളർത്തലുമൊക്കെയുണ്ട്. ഭാര്യയാണ് അതെല്ലാം നോക്കുന്നത്.  ഗോതമ്പ് പൊടിക്കുന്ന മെഷീനിൽപെട്ട്  മുട്ടിനു മുകൾവശം വെച്ച് നഷ്ടപ്പെട്ട ഇടതുകൈയ്യുമായിട്ടാണ്  ഈ അമ്പത്തിയഞ്ചുകാരന്‍റെ  മൺപാത്രക്കച്ചവടം.

രാജസ്ഥാനിലെ ചമ്പൽ നദിക്കരയിലുള്ള  കോട്ടയിൽ നിന്നും കളിമണ്ണ് ബംഗലുരുവിൽ എത്തിച്ച് നിർമ്മിക്കുന്ന മൺപാത്രങ്ങൾ അവിടെ നിന്നും വാഹനങ്ങളിൽ കയറ്റി വിവിധയിടങ്ങളിലേക്ക് കച്ചവടത്തിനായി പോകുന്ന ഇവർ  രാത്രികളിൽ പെട്രോൾ പമ്പുകളിലാണ് തമ്പടിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കേരളത്തിൽ എത്തിച്ചേർന്ന ഇവർ ഒരുമാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചത്. സ്റ്റോക്ക് തീരുന്ന മുറക്ക് ബംഗലുരുവിൽ നിന്നും മൺപാത്രങ്ങൾ ഇവിടെ എത്തിച്ച് നല്‍കുവാനും ആളുകളുണ്ട്. 

click me!