
മാന്നാർ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് മാന്നാർ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിക്ക് ക്ഷേത്ര നടകളിൽ സ്വീകരണം നൽകി. മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്ര നടയിലും കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലുമാണ് സ്വീകരണം നൽകിയത്.
മാന്നാർ പുത്തൻപള്ളിയിൽ നിന്നും ആരംഭിച്ച് പരുമലക്കടവിലെത്തി തിരികെ നബിദിന റാലി തൃക്കുരട്ടി ക്ഷേത്ര നടയിലെത്തിയപ്പോൾ തൃക്കുരട്ടി ദേവസ്വം മാനേജർ വൈശാഖ്, തൃക്കുരട്ടി മഹാദേവർ സേവാ സമിതി പ്രസിഡൻ്റ് കലാധരൻ കൈലാസം, അജിത് അമൃതം, രതീഷ് മാച്ചൂട്ടിൽ തുടങ്ങിയവർ ചീഫ് ഇമാമിനെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു.
ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രനടയിൽ ക്ഷേത്ര ഭാരവാഹികളായ സജികുട്ടപ്പൻ , പ്രഭകുമാർ , സജിവിശ്വനാഥൻ,ശിവൻപിള്ള, രാജേന്ദ്രൻ , പ്രശാന്ത് ,ശശി, ഗിരീഷ് എന്നിവർ നബിദിനറാലിയെ വരവേറ്റു. നബിദിന റാലിക്ക് ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി, ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ടി. ഇക്ബാൽ കുഞ്ഞ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ റഷീദ് പടിപ്പുരയ്ക്കൽ, നവാസ് ജലാൽ, കെ. എ സലാം, നിയാസ് ഇസ്മായിൽ, ബഷീർ പാലക്കീഴിൽ, അബ്ദുൽ കരീം കടവിൽ , ഒ.ജെ നൗഷാദ്, ഷിയാദ് ബ്രദേഴ്സ്, പി.എം ഷാജഹാൻ, ടി.എസ് ഷഫീഖ്, ഹാജി എൻ.എ സുബൈർ, കെ.എ സുലൈമാൻ കുഞ്ഞ്, നൗഷാദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
അതേസമയം, നബിദിന റാലിക്ക് മധുരം നൽകിയ ക്ഷേത്രകമ്മിറ്റിയുടെ വാര്‍ത്ത കോഴിക്കോടും നിന്നും എത്തി. അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിക്കാണ് ശ്രീ എടത്തുപറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ പായസം വിതരണം ചെയ്ത് നബിദിന റാലിയെ സ്വീകരിച്ചത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ കെ ദയാനന്ദൻ, ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. നാടിന്റെ മതസാഹോദര്യം പുതിയ തലമുറയിലേക്ക് പകരാൻ ഇത്തരം സന്ദർഭം വിനിയോഗിക്കാൻ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ കെ ദയാദനന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam