രാമക്കല്‍മേട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പ്പാദന പദ്ധതി ഇഴയുന്നു

By Web TeamFirst Published Jan 16, 2019, 12:20 PM IST
Highlights

2018 ജൂണില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും നിര്‍മാണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന അറിയിച്ച പദ്ധതിയില്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഒരുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് 

ഇടുക്കി: രാമക്കല്‍മേട് സൗരോര്‍ജ്ജ വൈദ്യുതി ഉത്പ്പാദന പദ്ധതി ഇഴയുന്നു. വൈദ്യുതി ഉത്പാദന രംഗത്ത് മാറ്റങ്ങള്‍ വരുത്തുന്നതും, കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനുമായിട്ടാണ് പദ്ധതി വആരംഭിച്ചത്. 2018 ജൂണില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും നിര്‍മാണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല.

ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന അറിയിച്ച പദ്ധതിയില്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഒരുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. പദ്ധതിയുടെ നടത്തിപ്പിനായി അനര്‍ട്ടിന്റെ ഉടമസ്ഥതയില്‍ 147 ഹെക്ടര്‍ ഭൂമിയാണുള്ളത്. വര്‍ഷം മുഴുവന്‍ കാറ്റ് ലഭിക്കുന്നതും, സൂര്യപ്രകാശം ശക്തിയായി ലഭിക്കുന്നതുമായ പുല്‍മേടുകളാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.

അതിനാല്‍ കൂടുതല്‍ കാറ്റാടികളും, സോളാര്‍ പാനലുകളും സ്ഥാപിക്കുകയും, വന്‍ തോതില്‍ വൈദ്യുതി ഉത്പാദനം നടത്തുന്നതിന് സാധിക്കുകയും ചെയ്യും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നെടുങ്കണ്ടം സബ് സ്റ്റേഷനില്‍ ശേഖരിച്ചാണ് വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

പാനലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫൗണ്ടേഷന്‍ പോലും പൂര്‍ണമായി നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല. പദ്ധതിക്കായി ആവശ്യമായ സോളാര്‍ പാനലുകള്‍ പ്രദേശത്ത് എത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സോളാര്‍, കാറ്റാടി പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ രാമക്കല്‍മേട് ആമപ്പാറ മലനിരയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ സോളാറില്‍ നിന്ന് ഒരു മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യം ഇട്ടിരുന്നത്. പദ്ധതി വിജയകരമായാല്‍ മൂന്ന് മെഗാവാട്ട് ആയി ഉയര്‍ത്തുവാനായിരുന്നു തീരുമാനം.

സോളാര്‍ പദ്ധതിയുടെ വിജയം രാമക്കല്‍മേടിന്റെ ടൂറിസം വികസനത്തിനും സഹായകമാകും. കൂറ്റന്‍ കാറ്റാടി പാടങ്ങളും, സോളാര്‍ പാനലുകളും എത്തുന്നതോടെ ജില്ലയിലെത്തുന്ന ഭൂരിഭാഗം വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് എത്തിക്കാന്‍ സാധിക്കും. അതോടെ ഉറങ്ങി കിടക്കുന്ന രാമക്കല്‍മേട് ടൂറിസത്തിന്റെ വികസനത്തിനും വഴിയൊരുങ്ങും.

click me!