
തിരുവനന്തപുരം: ഇടത് സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത് സിപിഎം-ബിജെപി ധാരണയുടെ ഉദാഹരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ പോലും പിണറായിയെ ന്യായീകരിച്ചയാൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ്. 100സീറ്റ് നേടി യു ഡി എഫ് അധികാരത്തിലെത്തും. പ്രതിപക്ഷ നേതാവ് ആർച്ച് ബിഷപ്പിനെ കണ്ടതിൽ തെറ്റൊന്നുമില്ലെന്നും കാണുമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് രഹസ്യ സ്വഭാവമില്ല, സമയം കിട്ടിയാൽ താനും പോകുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ പി രാജീവിന്റെ ആരോപണങ്ങൾക്കും രമേശ് ചെന്നിത്തല മറുപടി നൽകി. തനിക്ക് ലഭിച്ച വിവരം എസ് ഐ ടിക്ക് കൈമാറുക മാത്രമാണ് ചെയ്‍തത്. ഡി മണിക്ക് എസ് ഐ ടി ക്ലീൻ ചിറ്റ് കൊടുത്തതായി അറിയില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും പി. രാജീവ് കഥയറിയാതെ ആട്ടം കാണുന്നുവെന്നും വാർത്തകൾ ഉണ്ടാക്കുന്നത് ആരാണെന്ന് രാജീവിന് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. യുവാക്കൾ നാടുവിടുന്നു, അങ്ങനെ പോയാൽ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam