
തിരുവനന്തപുരം: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള പ്രത്യേക പരിപാടികളുമായി ആഭ്യന്തര വകുപ്പ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തും. നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ജനസഭക്ക് ശേഷം ഭായി കോളനിയിലെത്തി ഇതരസംസ്ഥാന തൊഴിലാളികളുമായി ചെന്നിത്തല നേരിട്ട് സംസാരിക്കും. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം വർധിക്കുകയാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് പ്രത്യേക പരിപാടി നടത്താൻ ആഭ്യന്തര വകുപ്പ് തയാറെടുക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു മാസം കൊണ്ട് സംസ്ഥാനത്ത് നിന്ന് 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ പരിശോധനകളെ തുടർന്ന് എടുത്തത് 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റിലാകുകയും ചെയ്തു. ഇതിനോടകം 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പൊലീസ് സംഘടിപ്പിച്ചു.
അതേസമയം, കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കെ സുധാകരൻ്റെ തൂഫാൻ യോഗത്തെ പറ്റി ഒന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും തങ്ങളുടെ അറിവോടെയല്ല കെ സുധാകരകൻ എംപി കൊച്ചിയിൽ യോഗം വിളിച്ച് ചേർത്തതെന്ന് വ്യക്തമാക്കിയിരുന്നു.
കെ സുധാകരൻ വിളിച്ചുചേർത്ത യോഗത്തെപറ്റി അറിയില്ലെന്ന് വ്യക്തമാക്കി മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് അങ്ങനെ ഒരു യോഗം കൂടുമെന്ന് എനിക്കറിയില്ല. ആരുടെ യോഗമാണെന്നോ ആര് വിളിച്ചുചേർത്തെന്നോ അറിയില്ല. ഓപ്പറേഷൻ തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പൊലീസ് ഉദ്യോഗസ്ഥർക്കാണ്. അല്ലാത്ത യോഗങ്ങൾ ഒന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെയും കെ സുധാകരൻ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam