
പത്തനംതിട്ട: നാട്ടിൽ എന്തെങ്കിലും കുറ്റകൃത്യം ചെയ്ത് പൊലീസിൻ്റെ കണ്ണു വെട്ടിച്ച് വിദേശത്തേക്ക് മുങ്ങുന്ന സംഭവം പതിവാണ്. എന്നാൽ അത്തരത്തിൽ വിവിധ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് കടന്ന മൂന്ന് പ്രതികളെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ് റാന്നി പൊലീസ്.
രണ്ട് പോക്സോ കേസുകളിലെ പ്രതി വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ മാത്യുവിന്റെ മകൻ റിൻസൻ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്കെതിരെ അതിക്രമം നടത്തിയ പ്രതി മലപ്പുറം ചെമ്മാനുശ്ശേരിൽ പുകുവച്ചോല വീട്ടിൽ സെയ്ദലവിയുടെ മകൻ മുഹമ്മദ് അഷ്‌റഫ്, റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം തട്ടിയ കേസിലെ പ്രതി തിരുവനന്തപുരം നേമം എസ് വി സദനം വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ അനു എസ് വി എന്നിവരെയാണ് ലുക്ക് ഔട്ട് സർക്കുലറും തുടർന്ന് ബ്ലൂ നോട്ടീസും പുറപ്പെടുവിപ്പിച്ചശേഷം നാട്ടിലെത്തിച്ചു റാന്നി പൊലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, ജില്ലാ ക്രൈം ബ്രാഞ്ച് യൂണിറ്റും കേരള പൊലീസിൻ്റെ ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ കോഓർഡിനേഷൻ ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതിനായി പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസും, ബ്ലൂ കോർണർ നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങൾക്ക് ഒടുവിൽ ഇവരുടെ പാസ്പോർട്ട് റദ്ദ് ചെയ്ത് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ഇവർ തിരികെ ഇന്ത്യയിൽ എത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ പ്രതികളെ തടഞ്ഞുവച്ച് റാന്നി പൊലീസിന് കൈമാറി. റിൻസൻ സൗദിയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. വിവരം ലഭിച്ച ഉടൻ റാന്നി എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ, എ എസ് ഐ മനോജ് എന്നിവർ വിമാനമാർഗം മുംബൈയിൽ എത്തി റിൻസനെ പിടികൂടി നാട്ടിലെത്തിച്ചു.
Read more: കാര്‍ വാടകയ്ക്ക് എടുത്ത് ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കടത്ത്; മോഷണക്കേസ് പ്രതിയടക്കം 3 പേര്‍ പിടിയില്‍
കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഷ്റഫ് പിടിയിലാകുന്നത്. ഉടൻ റാന്നി പൊലീസ് സ്റ്റേഷനിലെ എസ് ഐ ഹരികുമാർ, സി പി ഓമാരായ സുധീർ, അശോക് എന്നിവരടങ്ങിയ സംഘം വിമാനത്താവളത്തിൽ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. റഷ്യയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അനു പിടിയിലാകുന്നത്. വിവരം ലഭിച്ചത് അനുസരിച്ച് റാന്നി പൊലീസ് സ്റ്റേഷനിലെ എസ്.ഐ സന്തോഷ്‌കുമാറും സി പി ഓ ഷിന്റോയും മണിക്കൂറുകൾക്കുള്ളിൽ വിമാന മാർഗം ചെന്നൈലെത്തി പ്രതിയെ പിടികൂടി. റാന്നി ഡി വൈ എസ് പി ജി സന്തോഷ് കുമാർ, ഇൻസ്‌പെക്ടർ എം ആർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടുന്നതിനായി ഉള്ള പൊലീസ് സംഘം പ്രവർത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam