അപൂർവ്വ ഹൃദ്രോഗം, യുവാവിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അത്യപൂർവ്വ ശസ്ത്രക്രിയ, ചിലവ് പൂജ്യം

By Web TeamFirst Published Dec 6, 2021, 11:34 PM IST
Highlights

ഒന്നര മണിക്കൂറോളം ഹൃദയത്തിൻ്റെ പ്രവർത്തനം നിലപ്പിച്ചിട്ടാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപക്ക് മുകളിൽ ചെലവാകുന്ന ഈ ശസ്ത്രക്രിയക്ക് ജയദേവിന് ഒരു രൂപ പോലും ചെലവായില്ല.
 

ആലപ്പുഴ: ജനിതക തകരാറ് മൂലം ഹൃദയത്തിൻ്റെ (Heart) പ്രവർത്തനം തകരാറിലായ യുവാവിന് മെഡിക്കൽ കോളേജാശുപത്രിയിൽ (Alappuzha Medical College Hospital ) നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതുജൻമം. ചരിത്ര നേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജിവ് ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവി (25) നെയാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ജയദേവിന് ഹൃദയത്തിൻ്റെ സങ്കീർണമായ ജനിതക തകരാറ് മൂലം കടുത്ത ശ്വാസം മുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു. 

സാധാരണ കുട്ടികളിൽ പ്രകടമാകുന്ന ഈ അപൂർവ രോഗം ജയദേവിന് ബാധിച്ചതിനാൽ ചികിത്സയും ശസ്ത്രക്രിയയും അതി സങ്കീർണമായിരുന്നു. മഹാധമനിയിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിന് പകരം ശ്വാസകോശത്തിലേക്കാണ് രക്തം പമ്പ് ചെയ്തിരുന്നത്. ശ്വാസ കോശത്തിലേക്ക് ഓക്സിജൻ്റെ കുറവുള്ള അശുദ്ധ രക്തമാണ് ചെന്നിരുന്നത്. ഇത് പ്രഷർ കുറക്കുന്നതിനും ഹൃദയത്തിൻ്റെ പ്രവർത്തനം ക്രമേണെ നിലക്കുന്നതിനും കാരണമാകും. 

രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. തുടർന്ന് 3 മാസം മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി കാർഡിയോളജി വിഭാഗത്തിലെത്തിയ യുവാവ് വകുപ്പു മേധാവി ഡോ: മോഹൻ്റെ നിർദേശപ്രകാരം കാത്ത് ലാബിൽ ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആഞ്ചിയോ ഗ്രാം പരിശോധനയും സൗജന്യമായി നടത്തി. കാത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ജയദേവിൻ്റെ രോഗത്തെക്കുറിച്ച് പൂർണമായി അറിഞ്ഞത്.

തുടർന്ന് കഴിഞ്ഞ 29 ന് 3 മണിക്കൂർ നീണ്ട അത്യപൂർവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഹൃദയത്തിൻ്റെ പ്രവർത്തനം നിലപ്പിച്ചിട്ടാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ഹെൽത്ത് കാർഡില്ലാതിരുന്ന ഇദ്ദേഹത്തിന് സൂപ്രണ്ട് ഡോ: സജീവ് ജോർജ് പുളിക്കലിൻ്റെ പ്രത്യേക നിർദേശ പ്രകാരം 15,000 രൂപ വില വരുന്ന പ്രത്യേക മരുന്ന് കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായും നൽകി. 

സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപക്ക് മുകളിൽ ചെലവാകുന്ന ഈ ശസ്ത്രക്രിയക്ക് ജയദേവിന് ഒരു രൂപ പോലും ചെലവായില്ല. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾ പ്പെടുത്തി ഇദ്ദേഹത്തിൻ്റെ ചികിത്സയും ശസ്ത്രക്രിയയും തീർത്തും സൗജന്യമായിരുന്നു.പണം നൽകിയാൽപ്പോലും സ്വകാര്യ ആശുപത്രികൾ ഇത്തരം അതി സങ്കീർണ ശസ്ത്രക്രിയ നടത്താറില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജാശുപത്രി ഈ വെല്ലുവിളി ഏറ്റെടുത്തത്.

സർജൻമാരായ കാത്ത് ലാബ് വിഭാഗം മേധാവി ഡോ: രതീഷ് രാധാകൃഷ്ണൻ, ഡോ: ബിജു.കെ.ടി, ഡോ: ആനന്ദക്കുട്ടൻ. എസ്, അനസ്തേഷ്യ വിഭാഗത്തിൽ നിന്ന് ഡോ. ദീപാ ജോർജ്, ഡോ. വിമൽ, ഡോ. ഗോപിക, ഡോ. ഹരികൃഷ്ണൻ, പെർഫ്യൂഷനിസ്റ്റുകളായ ബിജു.പി.കെ, അൻസു മാത്യു, ഹെഡ് സിസ്റ്റർമാരായ രാജി.വി, രാജലക്ഷ്മി, ഹാഷിദ്, സരിത, നഴ്സിംഗ് അസിസ്റ്റൻ്റുമാരായ സുരേഷ്, രതീഷ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ജയദേവിന് ശസ്ത്രക്രിയയിലൂടെ പുതു ജീവിതം നൽകിയത്.

click me!