നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി, തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം, രോഗി സാധാരണ നിലയിലേക്ക്, ഉടൻ ആശുപത്രി വിടും

Published : Oct 16, 2026, 07:24 PM IST
Medical college thiruvananthapuram

Synopsis

രോഗിക്ക് വീണ്ടും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരാതിരിക്കാനായി നൂതനമായ കത്തീറ്റർ അധിഷ്ഠിത ചികിത്സാരീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം: ഹൃദയത്തിൽ രണ്ട് കൃത്രിമ വാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയുടെ വാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ വിജയകരമായി പരിഹരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. കാർഡിയോളജി, അനസ്തേഷ്യ, കാർഡിയോതൊറാസിക് വിഭാഗങ്ങൾ സംയുക്തമായാണ് അപൂർവമായ ഈ ചികിത്സാനേട്ടം കൈവരിച്ചത്. ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്ന് മൈട്രൽ വാൽവും അയോട്ടിക് വാൽവും നീക്കംചെയ്ത് പകരം കൃത്രിമ ലോഹ വാൽവുകൾ ഘടിപ്പിച്ച 55 വയസുള്ള സ്ത്രീയുടെ മൈട്രൽ വാൽവിന് സമീപം പുതിയ ലീക്ക് രൂപപ്പെടുകയായിരുന്നു. ഇത്തരം ചോർച്ച പരിഹരിക്കാൻ സാധാരണയായി നെഞ്ച് തുറന്ന് നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. എന്നാൽ രോഗിക്ക് വീണ്ടും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരാതിരിക്കാനായി നൂതനമായ കത്തീറ്റർ അധിഷ്ഠിത ചികിത്സാരീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുത്തത്. കാലിലെ ഫെമറൽ സിരയിലൂടെ നേർത്ത കുഴൽ (കത്തീറ്റർ) ഹൃദയത്തിനുള്ളിലേക്ക് കടത്തിവിട്ട് ചോർച്ചയുള്ള ഭാഗം പ്രത്യേക പ്ലഗ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു.

ഇതിലൂടെ നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയും അതുമായി ബന്ധപ്പെട്ട മുറിവുകളും തുന്നലുകളും ഒഴിവാക്കാൻ സാധിച്ചു. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് സഹായകരമായി. ആരോഗ്യനില തൃപ്തികരമായതിനാൽ രോഗിയെ ഡിസ്ചാർജ് ചെയ്യും.സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഇത്തരം മുന്നേറ്റങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് കൂടുതൽ കരുത്ത് പകരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. ശസ്ത്രക്രിയിൽ പങ്കാളിയായ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.രണ്ട് കൃത്രിമ ഹൃദയവാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയിൽ ഇത്തരത്തിൽ വാൽവ് ചോർച്ച അടയ്ക്കുന്നത് സാങ്കേതികമായി ഏറെ സങ്കീർണവും അപൂർവവുമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് പറഞ്ഞു.ഡോ.ലെയിസ് മുഹമ്മദ്, ബിജേഷ് എസ്., ലക്ഷ്മി തമ്പി, ആർ. ബൈജു, കൃഷ്ണകുമാർ, സുരേഷ് മാധവൻ, ആരതി, ശ്രുതി എന്നിവർ ചികിത്സാസംഘത്തിലുണ്ടായിരുന്നു.

അനസ്തേഷ്യ വിഭാഗത്തിൽനിന്ന് ഡോ. ശോഭ, ഡോ. അരുൺകുമാർ, ഡോ. മിർസാ മൂസ എന്നിവരും കാർഡിയോതൊറാസിക് വിഭാഗത്തിൽനിന്ന് ഡോ. രവികുമാർ, ഡോ. രതീഷ് എന്നിവരും സംഘത്തിന്റെ ഭാഗമായി.കാർഡിയാക് ടെക്നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസീം, അമൽ എന്നിവരും കാർഡിയോളജി നഴ്സുമാരായ റീന, അനിത, അനു, സൂസൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ എന്നിവരുടെ ഏകോപനത്തിലാണ് ചികിത്സ പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി പമ്പിലെ ജോലിക്കാരുടെ ഫോണുകൾ മോഷ്ടിച്ചു, ഷോറൂമിൽ വിൽപനയ്ക്ക് എത്തിച്ചപ്പോൾ പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളി
പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ക്യു ആർ കോഡ് തട്ടിപ്പ്, ഒറ്റ മാസത്തിൽ തട്ടിയത് 7 ലക്ഷം, ജീവനക്കാരൻ അറസ്റ്റിൽ