ചോര വാര്‍ന്നൊഴുകിയിട്ടും പിന്മാറിയില്ല; രോഗിയായ യുവാവിനെ പ്രളയത്തില്‍ നിന്നും രക്ഷിച്ച് രത്നകുമാര്‍

By Web TeamFirst Published Aug 23, 2018, 11:00 PM IST
Highlights

കിടപ്പുരോഗിയായ യുവാവിന്‍റെ വീടിന്റ സമീപം എത്തിയപ്പോൾ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട വളളം മരത്തിലിടിച്ചു. ഒടിഞ്ഞുവീണ മരം രത്‌നകുമാറിന്റെ വയറ്റിലാണ് പതിച്ചത്

ഹരിപ്പാട്:  രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റിട്ടും ശരീരം തളർന്നു കിടന്നയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആറാട്ടുപുഴ മുണ്ടുചിറയിൽ രത്‌നകുമാർ. 16-ന് രാവിലെ കളളിക്കാട് ശ്രീ ചിത്തിര വിലാസം അരയസമാജത്തിൽ നിന്നുളള സംഘത്തോടൊപ്പമാണ് 'അറവുകാട്ടമ്മ' ഫൈബർ വളളവുമായി രത്‌നകുമാർ പരുമലയിൽ രക്ഷാപ്രവർത്തനത്തിനെത്തുന്നത്. അപ്പോഴാണ് വീട്ടിൽ വാഹനാപകടത്തെത്തുടർന്ന് കിടപ്പിലായ യുവാവ് പാണ്ടനാട് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്. 

ഒന്നും ആലോചിക്കാതെ രത്‌നകുമാറും ഒപ്പമെത്തിയ ശ്രീകുമാറും സ്ഥലത്തേക്ക് പാഞ്ഞു. സ്ഥല പരിചയമില്ലാത്തതിനാൽ നാട്ടുകാരായ മറ്റ് മൂന്നുപേരയും കൂടെകൂട്ടി. രത്‌നകുമാറാണ് എൻജിൻ ഘടിപ്പിച്ച വളളം ഓടിച്ചിരുന്നത്. കിടപ്പുരോഗിയായ യുവാവിന്‍റെ വീടിന്റ സമീപം എത്തിയപ്പോൾ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട വളളം മരത്തിലിടിച്ചു. ഒടിഞ്ഞുവീണ മരം രത്‌നകുമാറിന്റെ വയറ്റിലാണ് പതിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ രത്‌നകുമാറും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കിടപ്പിലായ ആളെയും ഭാര്യയെയും രക്ഷപ്പെടുത്തി. തീവ്രവേദന കടിച്ചമർത്തി ഇരുന്നും കിടന്നുമാണ് രത്‌നകുമാർ വളളമോടിച്ചത്. 

വയറിനും കാലിനും പരിക്കേറ്റ രത്‌നകുമാർ ആദ്യം പരുമലയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിനേറ്റ പരിക്ക് സാരമുളളതായതിനാൽ ഇവിടെ നിന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശരീരത്തിൽ 28-തുന്നലുണ്ട്. ഭാര്യയും രണ്ടുകുട്ടികളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് രത്‌നകുമാർ. ഗൃഹനാഥൻ കിടപ്പിലായതോടെ നിത്യചെലവിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
 

click me!