
എറണാകുളം: കൊച്ചിയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ പോലീസ്. ഉത്തരേന്ത്യൻ സ്വദേശികളായ ആരിഫ്, ഫൈസൽ എന്നിവരെയാണ് തോട്ടക്കാട്ടുകരയിൽ വച്ച് റോഡ് വളഞ്ഞ് പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും.
ഉത്തർപ്രദേശ് ഫത്തേപ്പൂർ സ്വദേശി ആരിഫ്, ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ എന്നിവർ വെള്ളിയാഴ്ച പുലർച്ചെയാണ് ഡൽഹിയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. അവിടെ നിന്നും കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ച് മോഷണം ആരംഭിച്ചു. തുടർന്ന് ചെങ്ങമനാട് ഭാഗത്തേക്ക് കടന്ന ശേഷം പാലപ്രശേരി, മേക്കാട്, നെടുമ്പാശേരി എന്നിവിടങ്ങളിൽ എത്തിയും നിരവധി ആളുകളുടെ മാല പൊട്ടിച്ചു.
സംഭവമറിഞ്ഞ ഉടൻ ജില്ലാ പോലീസിന്റെ പ്രത്യേക സംഘം നിരത്തിലറങ്ങി. നിരവധി സിസിടിവികൾ പരിശോധിച്ചു. പ്രധാന റോഡുകളിലും ബൈറോഡുകളിലും അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കായി അതിർത്തികൾ അടച്ചും പരിശോധന നടത്തി. ഒടുവിൽ ആലുവ ഭാഗത്തേക്ക് വരികയായിരുന്ന മോഷ്ടാക്കളെ പിൻതുടർന്ന് തോട്ടക്കാട്ടുകരയിൽ വച്ച് വളഞ്ഞ് പിടിക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമമുണ്ടായെങ്കിലും സാഹസികമായി വാഹനത്തിൽ കയറ്റി.
രണ്ടിടങ്ങളിൽ നിന്ന് ഇവർ പൊട്ടിച്ചെടുത്തത് മുക്കുപണ്ടങ്ങളായിരുന്നു. ഡൽഹി സ്റ്റേഷൻ പരിധിയിൽ ഇവർക്കെതിരെ വധശ്രമം, മാല പൊട്ടിക്കൽ തുടങ്ങി നിരവധി കേസുകളുണ്ട്. ജയിലിൽ വച്ചാണ് രണ്ടു പേരും പരിചയപ്പെട്ടത്. രാവിലെ വന്നിറങ്ങി മാലകൾ പൊട്ടിച്ച് രാത്രി തിരിച്ചു പോകാനായിരുന്നു മോഷ്ടാക്കളുടെ പദ്ധതിയെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കളുടെ ബാഗിൽ നിന്നും കുരുമുളക് സ്പ്രേ, സ്വർണ്ണം തൂക്കുന്ന ത്രാസ്, വാഹനങ്ങൾ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
പൊട്ടിച്ച സ്വർണ്ണവും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ്, തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam