
കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന ചപ്പാത്തിന്റെ പുനർ നിർമാണം ആരംഭിച്ചു. പുഴക്ക് കുറുകെ വലിയ പൈപ്പുകൾ സ്ഥാപിച്ചാണ് നിർമാണം നടത്തുന്നത്. വയനാട് തുരങ്കപാത നിർമാണ സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ഏക വഴി കൂടിയാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. വയനാട് തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി മുത്തപ്പൻ പുഴയിലെ പാലം പൊളിച്ച് പുതിയ പാലം നിർമിക്കാൻ ഊരാളുങ്കൽ സൊസൈറ്റി കരാറെടുത്തിരുന്നു. നിർമാണം പൂർത്തിയാകുന്നത് വരെ താൽക്കാലികമായി വാഹനങ്ങൾ കടന്നുപോകുന്നതിനാണ് ചപ്പാത്ത് നിർമിച്ചത്. ഈ ചപ്പാത്താണ് ഇന്നലെയുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്.
നൂറ് കണക്കിന് കുടുംബങ്ങൾ ഗതാഗതത്തിനായി ആശ്രയിക്കുന്ന ചപ്പാത്ത് ഒലിച്ചുപോയോടെ മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. വയനാട് തുരങ്കപാത നിർമാണ സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ഏക വഴി കൂടിയാണ് ഇല്ലാതായത്. മഴ കുറഞ്ഞതോടെ ചപ്പാത്തിന്റെ പുനർനിർമാണം വേഗത്തിലാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. പുഴയ്ക്ക് കുറുകെ പൈപ്പുകൾ സ്ഥാപിച്ച് ഗതാഗതം പുനസ്ഥാപിക്കാനാണ് നീക്കം. കാലവർഷം എത്തും മുൻപ് പുതിയ പാലം നിർമിച്ച് നൽകണമെന്ന് ഊരാളുങ്കൽ സൊസൈറ്റിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും
പണി ഇഴഞ്ഞു നീങ്ങുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരുവമ്പാടി മുതൽ തുരങ്കപാത വരെയുള്ള 14 കിലോമീറ്റർ ദൂരം റോഡ് വീതി കൂട്ടുന്നതിനായി ഊരാളുങ്കലാണ് കരാറെടുത്തത്. മഴ കനക്കുന്നതോടെ പ്രദേശത്തേക്കുള്ള യാത്രയും തുരങ്കപാത നിർമാണവും തടസപ്പെടുമെന്നും നാട്ടുകാർ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam