
കോഴിക്കോട്: മനുഷ്യത്വത്തിന്റെ സമാനതയില്ലാത്ത കരസ്പര്‍ശം കൊണ്ട് തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസം അര്‍ത്ഥ പൂര്‍ണമാക്കിയിരിക്കുകയാണ് ഒരു ബാങ്ക് ഉദ്യോഗസ്ഥ. കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ റിക്കവറി ഓഫീസര്‍ ആയി കഴിഞ്ഞ ദിവസം വിരമിച്ച മേഴ്‌സി ചെറിയാനാണ് സഹപ്രവര്‍ത്തകര്‍ക്കും സഹകരണ മേഖലയ്ക്കും നാടിനൊന്നാകെയും അഭിമാനമായി മാറിയത്. ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂര്‍വട്ടം പ്രദേശത്ത് കവുങ്ങിന്‍ തോട്ടത്തില്‍ താമസിക്കുന്ന ജാനുവും മകള്‍ പ്രമീളയും കടുത്ത സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് തങ്ങളുടെ കിടപ്പാടം പണയം വെച്ച് 75000 രൂപ മേഴ്‌സി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിയതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ലോണ്‍ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ബാങ്ക് കേസ് ഫയല്‍ ചെയ്യുകയും, ലേല നടപടികളിലേക്ക് കടക്കുകയും ചെയ്തു.
പ്രസ്തുത സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് സ്‌പെഷ്യല്‍ സെയില്‍ ഓഫീസറോടൊപ്പം റിക്കവറി ഓഫീസറായി മേഴ്‌സി ചെറിയാനെ ബാങ്ക് നിയമിച്ചതോടെ വലിയൊരു മാറ്റത്തിന് അവിടെ തുടക്കമാവുകയായിരുന്നു. സ്ഥലം സന്ദര്‍ശിച്ച മേഴ്‌സി ചെറിയാന് ജാനുവിന്റെ കുടുംബത്തിന്റെ ദയനീയത ബോധ്യപ്പെട്ടു. ഇതിന് പിന്നാലെ ഈ ലോണിന്റെ ബാധ്യത അവര്‍ഏറ്റെടുക്കുകയായിരുന്നു. 2022ല്‍ 80000 രൂപയ്ക്ക് ആ ലോണ്‍ പുതുക്കി നല്‍കുകയും തുടര്‍ന്ന് നാലുവര്‍ഷമായി ഓരോ മാസവും 1500 രൂപ വീതം ലോണിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു.
തന്റെ സര്‍വീസ് കാലാവധി അവസാനിക്കാറായതോടെ ഇത് മുടങ്ങുമെന്ന് മുന്‍കൂട്ടി കണ്ട മേഴ്‌സി അവശേഷിക്കുന്ന 41000 രൂപ ഒരുമിച്ച് അടയ്ക്കുകയും കുടുംബത്തിന്റെ വീടിന്റെ ആധാരം എടുത്തു നല്‍കുകയും ചെയ്യുകയായിരുന്നു. ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസം നിറ മിഴികളോടെയും നിറഞ്ഞ മനസ്സോടെയും മേഴ്‌സി ചെറിയാനെ യാത്രയാക്കാന്‍ ജാനുവും പ്രമീളയും എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam