
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ പോക്സോ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഒരു പ്രതി നാടകീയമായി കോടതിയിൽ കീഴടങ്ങി. തൃശൂർ സ്വദേശിയായ അമൽ അഹമ്മദ്, മലപ്പുറം മുണ്ടുപ്പറമ്പ് സ്വദേശിയായ മുബഷീർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമൽ അഹമ്മദ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.
വിവാഹ വാഗ്ദാനം നൽകിയ പ്രതി പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പലപ്പോഴായി പകർത്തി. പിന്നീട് ഇത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ഇതിനിടെ അമൽ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെൺകുട്ടിയെ ഉപദ്രവിച്ചു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ബലാത്സംഗത്തിൽ പെൺകുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.
ഒന്നാം പ്രതി അമൽ പരപ്പനങ്ങാടിയിൽ നിന്നും രണ്ടാം പ്രതി മുബഷീർ ഇരുമ്പുഴിയിൽ നിന്നുമാണ് പിടിയിലായത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ടാം പ്രതി മുബഷീർ ഒരു മണിക്കൂറിന് ശേഷം നാടകീയമായി കോടതിയിൽ നേരിട്ട് ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam