
ഇടുക്കി: ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഓഫാക്കിയും ഊരി തോട്ടിൽ എറിഞ്ഞും വൈദ്യുതി മുടക്കിയ ശേഷം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. തൊടുപുഴ മൂലമറ്റം റൂട്ടിൽ കുടയത്തൂര്‍ കോളപ്ര മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വ്യാപക മോഷണം നടന്നത്. ആസൂത്രിതമായിട്ടുള്ള മോഷണ ശ്രമമാണ് നടന്നത്. കോളപ്ര ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള കല്ലംമാക്കല്‍ സ്റ്റോഴ്‌സ്, കുടയത്തൂര്‍ ബാങ്ക് ജംഗ്ഷനിലുള്ള പൊന്നൂസ് ബേക്കറി, പച്ചക്കറികട , ഡാഫോഡില്‍സ് ഫാമിലി ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും സ്ഥാപനങ്ങളുടെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
കല്ലംമാക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 800 രൂപയും, പച്ചക്കറി കടയില്‍ നിന്ന് 700 ഓളം രൂപയും, ഡാഫോഡില്‍സ് ഫാമിലി ഷോപ്പില്‍ നിന്ന് 3000 ത്തോളം രൂപയും നഷ്ടപ്പെട്ടു. പൊന്നൂസ് ബേക്കറിയില്‍ കയറിയ മോഷ്ടാക്കള്‍ക്ക് പണം കിട്ടിയില്ല. കടയില്‍ പണം വെച്ചിട്ടില്ലായിരുന്നു. ഇവിടെ നിന്ന് മറ്റ് സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോളപ്ര, ശരംകുത്തി, കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ എല്ലാം ഊരി മാറ്റിയതിന് ശേഷമാണ് മോഷ്ടാക്കള്‍ പ്രദേശത്ത് എത്തിയത്.
കോളപ്രയിലെ ട്രാന്‍സ്‌ഫോര്‍മറിലെ എ ബി സ്വിച്ചിന്റെ ലിവര്‍ താഴ്ത്തിയ നിലയിലായിരുന്നു. സരസ്വതി സ്‌കൂള്‍ ജംഗ്ഷനിലെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതി വിതരണത്തിന് തടസമുണ്ടാക്കിയതിന് ശേഷമാണ് മോഷ്ടാക്കള്‍ പ്രദേശത്ത് വിലസിയത്. പുലര്‍ച്ചെയായതിനാല്‍ വൈദ്യുതിമുടങ്ങിയത് ജനങ്ങള്‍ അറിഞ്ഞില്ല. രാവിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ട്രാന്‍സ് ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരി മാറ്റിയ നിലയില്‍ കണ്ടത്.
തിങ്കളാഴ്ച രാവിലെ തന്നെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന സി.സി.ടി.വി കാമറകളില്‍ മോഷ്ടാക്കളുടെ മുഖം പതിയാതിരിക്കാന്‍ ദിശ മാറ്റിയ നിലയിലാണ്. കുടയത്തൂരിലെ തടിമില്ലില്‍ നിന്നും കമ്പി നഷ്ടപ്പെട്ടു. ഇത് ഉപയാഗിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലെ താഴ് തകര്‍ത്തത് എന്ന് കരുതുന്നു. കാഞ്ഞാര്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam