
കൽപ്പറ്റ: മിഠായി ഭരണി തലയിൽ കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി ആനിമൽ റെസ്ക്യൂ ടീം.വയനാട്ടിലെ പനമരത്താണ് അവശനായ നായക്ക് ആനിമൽ റെസ്ക്യൂ ടീം രക്ഷകരായത്. ഭക്ഷണം തേടി അലയുന്നതിനിടെയാണ് നായയുടെ കഴുത്തിൽ ഭരണി കുടുങ്ങിയത്. പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡിൽ നായയെ പലപ്പോഴായി പലരും കണ്ടുവെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.
ഒടുവിൽ വിവരം അനിമൽ റെസ്ക്യൂട്ടീമിന്റെ ചെവിയിലും എത്തി. അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ കിട്ടാതെ അവശനിലയിലായിരുന്നു നായ. തീരെ അവശയാണെങ്കിലും അടുത്തിടെ പ്രസവിച്ച കുട്ടികൾക്ക് പാല് കൊടുക്കാൻ നായ എത്തുന്നുണ്ടായിരുന്നു. എന്നാൽ ആളനക്കം കെട്ടാൽ പാലു കൊടുക്കാതെ നായ ഓടി തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഒളിക്കും.
നായയുടെ ദയനീയാവസ്ഥ കണ്ട് കൽപ്പറ്റ പിണങ്ങോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അനിമൽ റെസ്ക്യൂ ടീം കഴിഞ്ഞ ദിവസം 11 മണിയോടെ സ്ഥലത്ത് എത്തി. ഓടിയകന്ന നായയെ വല വച്ച് പിടിച്ച് കത്രിക കൊണ്ട് ഭരണി വെട്ടി മാറ്റിയാണ് രക്ഷപ്പെടുത്തിയത്. താഹിർ പിണങ്ങോടിന്‍റെ നേതൃത്വത്തിൽ നോമി രാജ്, അർഷാദ്, മാമു പനമരം എന്നിവരാണ് നായയെ രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam