'പേടിപ്പിക്കുന്ന അലര്‍ച്ചയായിരുന്നു അത്, തോമസിനെ കടുവ ആക്രമിക്കുമ്പോൾ അടുത്തുചെല്ലാൻ ആർക്കും ധൈര്യമുണ്ടായില്ല'

By Web TeamFirst Published Jan 12, 2023, 9:47 PM IST
Highlights
കടുവ ഇറങ്ങിയെന്ന് രാവിലെ ഒമ്പത് മണിയോടെ അറിഞ്ഞിരുന്നു. അതിനിടെയാണ് ഭയപ്പെടുത്തുന്ന അലര്‍ച്ച കേട്ടത്. ഓടിയെത്തിയെങ്കിലും തോമസിനെ കടുവ ആക്രമിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല'. 

മാനന്തവാടി: 'കടുവ ഇറങ്ങിയെന്ന് രാവിലെ ഒമ്പത് മണിയോടെ അറിഞ്ഞിരുന്നു. അതിനിടെയാണ് ഭയപ്പെടുത്തുന്ന അലര്‍ച്ച കേട്ടത്. ഓടിയെത്തിയെങ്കിലും തോമസിനെ കടുവ ആക്രമിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല'. പൊതുപ്രവര്‍ത്തകനായ ഷിന്റോ കല്ലിങ്കല്‍ പുതുശ്ശേരി വെള്ളാരംകുന്നില്‍ കര്‍ഷകനെ കടുവ ആക്രമിച്ചത് വിവരിക്കുകയാണ്. 

ഒമ്പത് മണിയോടെ വെള്ളാരംകുന്നിലെ ഒരു വാഴത്തോട്ടത്തിനരികെ പുല്ലുവെട്ടുന്ന സ്ത്രീയാണ് കടുവയെ ആദ്യം കണ്ടത്. ഈ സമയം തന്നെ വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. ഒമ്പതരയോടെ കടുവയെ പ്രതിരോധിക്കുന്നതിനുള്ള ഒരു വിധ സംവിധാനങ്ങളുമില്ലാതെ ജീപ്പില്‍ കുറച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. ഏതാനും ഇടങ്ങളില്‍ പോയി നോക്കിയതിന് ശേഷം അല്‍പ്പം കഴിഞ്ഞപ്പോള്‍ ഈ സംഘം തിരിച്ചു പോയി. 

ഇതിന് ശേഷമാണ് തോമസിന്റെ കരച്ചില്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ നിന്നും കേള്‍ക്കുന്നത്. തോമസിന്റെ വീട്ടില്‍ നിന്നും 400 മീറ്റര്‍ മാറി തെല്ല് ഉയരമുള്ള പ്രദേശത്തെ കൃഷിത്തോട്ടത്തില്‍ എത്തിയ കടുവ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മറ്റു മൂന്നു പണിക്കാര്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും അവരെല്ലാം ഓടി രക്ഷപ്പെട്ടു. പിറകിലായിപ്പോയ തോമസിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു കടുവ. 15 മിനിറ്റ് നേരം തോമസിനരികെ കടുവയുണ്ടായിരുന്നു. 

ആളുകളുടെ ബഹളം കേട്ട് കടുവ സ്വയം പിന്‍മാറുകയായിരുന്നുവെന്ന് ഷിന്റോ പറഞ്ഞു. കടുവ ദൂരേക്ക് മാറിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് തോമസിനെയും എടുത്ത് 200 മീറ്റര്‍ മാറിയുള്ള റോഡിലേക്ക് ആളുകള്‍ ഓടിയത്. തുടയില്‍ ആഴത്തിലുള്ള പരിക്കേറ്റ തോമസ് അവിടെ വെച്ച് തന്നെ തീര്‍ത്തും അവശനായിരുന്നു. ഒരാളെ കടുവ ആക്രമിച്ചെന്ന് അറിഞ്ഞതിന് ശേഷമാണ് തോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി കൂടുതല്‍ വനം ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് എത്തിയത്. അതേ സമയം കുരങ്ങുശല്യം പോലുമില്ലാത്ത പ്രദേശത്ത് കടുവയെത്തി ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് പുതുശ്ശേരി വെള്ളാരംകുന്ന് പ്രദേശവാസികള്‍.

Read more: കടുവയിറങ്ങി, വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാളെ യുഡിഎഫ് ഹർത്താൽ

90 ശതമാനം ആളുകളും കാര്‍ഷിക വൃത്തി ഉപജീവനമാക്കിയ നാട്ടില്‍ പറയത്തക്ക വന്യമൃഗശല്യമൊന്നുമില്ലായിരുന്നു. റോഡ് മാര്‍ഗവും അല്ലാതെയും കണക്കാക്കിയാല്‍ പത്ത് കിലോമീറ്റര്‍ അടുത്ത് പോലും വനമില്ലാത്ത പ്രദേശത്താണ് കടുവ എത്തി തമ്പടിച്ച് ആക്രമണം നടത്തിയിരിക്കുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡായ പുതുശ്ശേരിയില്‍ വാഴ, പച്ചക്കറി, നെല്ല്, ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയവയാണ് അധികവും കൃഷി ചെയ്യുന്നത്. അതിനിടെ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരണപ്പെട്ടതില്‍ പ്രതിഷേധിച്ചും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും നാളെ മാനന്തവാടി താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

click me!