
കായംകുളം: കായംകുളത്തെ സിപിഎം പ്രവർത്തകർക്ക് ഒരു ഭാഗ്യമുണ്ട്. പാർട്ടിക്കുള്ളിലെ അണിയറ രഹസ്യങ്ങളും നേതാക്കളുടെ വഴിവിട്ട പോക്കുമെല്ലാം അറിയാൻ ഫേസ് ബുക്കിൽ കയറിയാൽ മതി. ബ്രാഞ്ച് കമ്മിറ്റി മുതൽ ഏരിയാ കമ്മിറ്റി വരെയുള്ള സർവ രഹസ്യങ്ങളും അങ്ങാടി പാട്ടാക്കുന്നതിന് പരസ്പരം മല്‍സരിക്കുന്ന രണ്ട് ഫേസ് ബുക്ക് അക്കൗണ്ടുകൾ ഇവിടെയുണ്ട്. നേതാക്കളുടെ പേരും പദവിയും വെച്ചുള്ള തുറന്ന് പറിച്ചിലുകളിലൂടെ ഇവർ ഒരുക്കിയ കെണിയിലൂടെയാണ്, നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദവും പുറത്ത് വരുന്നത്.
കായംകുളം സിപിഎമ്മിന് പാരയായി മാറിയിരിക്കുകയാണ് എഫ്ബി അക്കൗണ്ടുകള്‍. കായംകുളത്തിൻ്റെ വിപ്ലവവും ചെമ്പട കായംകുളവും സിപിഎമ്മിലെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കുന്ന ഗ്രൂപ്പുകള്‍ എല്ലാ രഹസ്യങ്ങളും തുറന്നെഴുതും. ഇങ്ങനെ പണി കിട്ടിയ നേതാക്കള്‍ നിരവധിയാണ്. കായംകുളത്തിൻ്റെ വിപ്ലവം, പിന്നെ ചെമ്പട കായംകുളം. കായംകുളത്തെ സി പി എം നേതാകളുടെ ഉറക്കം കെടുത്തുന്നത് ഫെസ്ബുക്കിലെ ഈ രണ്ട് അക്കൗണ്ടുകളാണ്. കണ്ടാൽ ഫേക് അക്കൗണ്ടുകൾ എന്ന് തോന്നുമെങ്കിലും പക്ഷെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന എന്ത് കാര്യവും ഇവരുടെ പക്കലത്തും. സി പി എമ്മെന്നാേ, ഡിവൈഎഫ്ഐ എന്നോ, എസ്എഫ്ഐ എന്നോ വിത്യാസമില്ല. നേതാക്കളുടെ ഗൂപ്പിസം, അവിഹിതം, ഗുണ്ടായിസം, പ്രണയം, വഞ്ചന തുടങ്ങി എന്തും ഏറ്റെടുക്കും. എന്നാൽ ഒളിപ്പോര് രൂപത്തിലല്ല ഇതിന്റെ പ്രവർത്തനവും. പേരും പാർട്ടിയിലെ പദവിയും പച്ചക്ക് പറഞ്ഞു തന്നെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. അടുത്ത കാലത്ത് പല നേതാക്കളും ഈ ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഭാര്യയെ തല്ലിയതിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെയും നഗ്ന വീഡിയോ കോൾ ചെയ്തതിന് പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിനെയും പാർട്ടി സസ്പെൻ്റ് ചെയ്തത് എഫ് ബി ഗ്രൂപ്പുകളുടെ ഈ തുറന്നെഴുത്ത് കൊണ്ട് തന്നെയായിരുന്നു. വെറുതെയുള്ള പോസ്റ്റുകളായിരുന്നില്ല അതൊന്നും, തെളിവ് സഹിതമുള്ള പോസ്റ്റുകളായിരുന്നു. നിഖിൽ തോമസിൻ്റ കള്ളത്തരം പുറത്ത് വരാനിടയായതും സമൂഹ മാധ്യമങ്ങളിലെ ഈ പോരു തന്നെ. ഇവെരെ പേടിച്ച് സ്ഥലക്കച്ചടവും ഗുണ്ടായിസവും ഒക്കെ പലരും നിർത്തിയെന്ന് സാധാരണ പ്രവർത്തകർ അടക്കം പറയും. പാർട്ടിയെ മോശക്കാരാക്കുന്ന ഫേസ്ബുക്ക് റിബലുകൾക്കെതിരെ പലവട്ടം പാർട്ടി കണ്ണുരുട്ടി കാണിച്ചിട്ടുണ്ട്. അച്ചടക്കത്തിൻ്റെ വാളോങ്ങി കൊണ്ട്. അതൊന്നും ഫലിക്കുന്നില്ലെന്ന് മാത്രം. കാരണം, സാധാരണ പ്രവർത്തകരുടെ പിന്തുണ തന്നെ.
വിദ്യയുടെ ആരോഗ്യനില തൃപ്തികരം, ആശുപത്രി വിട്ടു; നിർജലീകരണമെന്ന് ഡോക്ടർമാർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam