ആലപ്പുഴ ബീച്ചില്‍വച്ച് അധ്യാപകനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഘം പിടിയില്‍

By Web TeamFirst Published Nov 20, 2018, 9:50 PM IST
Highlights

ആക്രമണത്തെ എതിര്‍ത്ത അധ്യാപകനെ മാരകമായി പരിക്കേല്‍പിച്ച് അവശനാക്കിയശേഷമാണ് കവര്‍ച്ച നടത്തിയത്. രാത്രി കാറ്റാടി ഭാഗത്ത് എത്തുന്ന പ്രായമായവരെയും എതിര്‍ക്കില്ലെന്ന് ഉറപ്പുള്ളവരെയുമാണ് ഈ സംഘം പ്രധാനമായും ആക്രമിക്കാറുള്ളത്

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ അധ്യാപകനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. അധ്യാപകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണമാലയും മോതിരവും പണമടങ്ങിയ പേഴ്‌സും അക്രമികള്‍ കവര്‍ന്നെടുക്കുകയായിരുന്നു. നവംബര്‍ 13ന് രാത്രി 8.30 നായിരുന്നു സംഭവം. 

ആലപ്പുഴ  സ്വദേശികളായ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ കുന്നേല്‍ വീട്ടില്‍ ജസ്റ്റിന്‍ (21),  റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ പണിക്കശ്ശേരി വീട്ടില്‍ അജയ് (24), റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ പുളിക്കല്‍ വീട്ടില്‍ റെനി (19), ആലിശ്ശേരി വാര്‍ഡില്‍ എസ് എന്‍ സദനം അരയന്‍പറമ്പ് വീട്ടില്‍ മൊന്ത എന്നുവിളിക്കുന്ന നന്ദു (22) എന്നിവരാണ് അറസ്റ്റിലായത്. 

ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തെ പിടികൂടിയത്. ബീച്ചില്‍ കാറ്റാടി ഭാഗത്ത് എത്തിയ അധ്യാപകനെ സംഘത്തിലൊരാള്‍ തന്ത്രപൂര്‍വ്വം വിളിച്ച് വെളിച്ചമില്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. 

ആക്രമണത്തെ എതിര്‍ത്ത അധ്യാപകനെ മാരകമായി പരിക്കേല്‍പിച്ച് അവശനാക്കിയശേഷമാണ് കവര്‍ച്ച നടത്തിയത്. രാത്രി കാറ്റാടി ഭാഗത്ത് എത്തുന്ന പ്രായമായവരെയും എതിര്‍ക്കില്ലെന്ന് ഉറപ്പുള്ളവരെയുമാണ് ഈ സംഘം പ്രധാനമായും ആക്രമിക്കാറുള്ളത്. കൂടുതലാളുകളും മാനഹാനി ഭയന്ന് പൊലീസില്‍ പരാതി നല്‍കാറില്ല. വധശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

click me!