
കാസർകോട് : കനത്തമഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കാട്ടുവള്ളിയില്‍ കുടുങ്ങിക്കിടക്കുന്ന പാറക്കൂട്ടങ്ങള്‍ 25 കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പായാളം ഹരിജൻ കോളനി നിവാസികൾക്കാണ് പാറക്കൂട്ടം ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.
പള്ളത്തുമലയിലെ സ്വാകാര്യ വ്യക്തിയുടെ പറമ്പിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.രാധമണിയുടെ വീടിനടക്കം ഭീക്ഷണിയായി പടുകൂറ്റന്‍ ഇളകി താഴോട്ട് വീഴാന്‍ പാകത്തിന് നില്‍ക്കുന്നത്. കാട്ടുവള്ളികളിലും മരങ്ങളിലും കുടുങ്ങിക്കിടക്കുന്നതിനാല്‍ പാറക്കൂട്ടം പെട്ടെന്ന് താഴേക്ക് വരില്ലെങ്കിലും ഇതിന് താഴെ താമസിക്കുന്ന 25 കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ വെള്ളം ഒലിച്ചുപോയതിനെ തുടര്‍ന്നാണ് കല്ലിന് ഇളക്കം തട്ടിയത്. മരത്തിനും വള്ളികള്‍ക്കുമിടയില്‍ ഒരാള്‍ക്ക് ഇറങ്ങി പോകാവുന്ന വിധത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിടവ് രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ശക്തമായ മഴപെയ്യുകയാണെങ്കില്‍ പാറക്കൂട്ടം എപ്പോള്‍ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന നിലയിലാണ്. മരത്തിനും കാട്ടുവള്ളികളിലും തൂങ്ങി കിടക്കുന്ന പാറക്കൂട്ടം പൊട്ടിച്ച് മാറ്റാൻ നടപടിയെടുക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam