മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം, പാലായിൽ ജോസ് കെ. മാണി തന്നെ, യുഡിഎഫ് ജയിച്ചാൽ പാലായ്ക്കൊരു മന്ത്രി പ്രചാരണവുമായി കാപ്പനും

Published : Feb 10, 2026, 06:18 PM IST
Minister Roshy Augustine taking the mic to announce Jose K Mani's candidacy in Pala

Synopsis

എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിരീകരിച്ചു. സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെതിരെ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ജോസ് കെ മാണി ശക്തമാക്കിയതോടെ പാലായിലെ രാഷ്ട്രീയ പോരാട്ടം കടുക്കുകയാണ്.

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകുന്നു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാൻ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്. "ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും," എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റിംഗ് എംഎൽഎ മാണി സി കാപ്പന്റെ വെല്ലുവിളികൾക്ക് ജോസ് കെ. മാണി കൃത്യമായ മറുപടി നൽകി. തന്റെ കഴിവുകേട് മറച്ചുവെക്കാനാണ് കാപ്പൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ചാഴി എന്ന് പറയുന്ന വെല്ലുവിളിയായി ഇതിനെ കാണുന്നില്ല. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും, അതനുസരിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ. മാണിയും വ്യക്തമാക്കി.

പാലായിലെ രാഷ്ട്രീയ പോരാട്ടം

2019-ലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ പാലാ പിടിച്ചെടുത്തത് വലിയ അട്ടിമറിയായിരുന്നു. പിന്നീട് 2021-ലെ പൊതുതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയെങ്കിലും 15,378 വോട്ടുകൾക്ക് മാണി സി. കാപ്പനോട് പരാജയപ്പെട്ടു. കഴിഞ്ഞ പരാജയത്തിന് ശേഷം രാജ്യസഭാ അംഗമെന്ന നിലയിൽ കിട്ടിയ ഫണ്ട് അധികവും പാലായിൽ ചെലവഴിച്ചും മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചും സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജോസ് കെ. മാണി. ഇത്തവണ സിപിഎമ്മിനും ജോസിനോട് വലിയ താല്പര്യമുണ്ടെന്നത് അനുകൂല ഘടകമാണ്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് ഉയർത്തിക്കാട്ടിയാണ് മാണി സി. കാപ്പൻ പ്രചാരണം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും അദ്ദേഹത്തിന് പ്രതീക്ഷ നൽകുന്നു. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന കോട്ടയം ജില്ലയിലെ മണ്ഡലം കൂടിയാണ് പാലാ എന്നതിനാൽ വരും ദിവസങ്ങളിൽ മത്സരം കൂടുതൽ കടുക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി, 'ഇനി, അഭ്യാസമില്ല ആക്രിക്ക് കൊടുക്കാം', രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും
കുണ്ടമൺകടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ