വികസനം യാഥാര്‍ഥ്യമായപ്പോള്‍ ജീവിത മാര്‍ഗം നഷ്ടപ്പെട്ട് ഒരു കടത്തുകാരന്‍

By Web TeamFirst Published Nov 11, 2018, 8:14 PM IST
Highlights

ചെറുതന കടവിൽ നാടിന് അനുഗ്രഹമായി പാലം വന്നതോടെയാണ് കടത്തുകാരനായ ഗോപാലകൃഷ്ണൻ നായർക്ക് ഉള്ള ജോലി നഷ്ടപ്പെട്ടത്. പകരം ജോലി നൽകാൻ അധികൃതർക്കാകുന്നുമില്ല

ഹരിപ്പാട്: വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അത് ചില ജീവിതങ്ങളുടെ ഒഴുക്കിന് പോലും തടസമായി മാറും. അങ്ങനെ 30 വര്‍ഷമായി ഒഴുകി കൊണ്ടിരുന്ന ഗോപാലകൃഷ്ണന്‍ നായരുടെ ജീവിതം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. ചെറുതന കടവിൽ നാടിന് അനുഗ്രഹമായി പാലം വന്നതോടെയാണ് കടത്തുകാരനായ ഗോപാലകൃഷ്ണൻ നായർക്ക് ഉള്ള ജോലി നഷ്ടപ്പെട്ടത്.

പകരം ജോലി നൽകാൻ അധികൃതർക്കാകുന്നുമില്ല. 30 വർഷമായി ചെറുതന കടവിൽ കടത്ത് ജോലി ചെയ്തിരുന്ന  ചെറുതന വടക്ക് വള്ളുവപഴഞ്ഞിയിൽ ഗോപാലകൃഷ്ണൻ നായർക്കാണ് (65) പാലം  വന്നതോടെ കടത്ത് ജോലി നഷ്ടമായത്‌. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വരെയാണ് ജോലിയുണ്ടായിരുന്നത്‌.

പാലം ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു. അഞ്ച് വർഷം മുമ്പാണ് ഗോപാലകൃഷ്ണന്‍ നായര്‍ പിഡബ്ല്യുഡി അംഗീകരിച്ച കടത്തുകാരനാകുന്നത്. അത് വരെ കടത്തുകാരനായിരുന്ന പുത്തന്‍ തുരുത്തേല്‍ ബഷീറിന്‍റെ മരണത്തെ തുടര്‍ന്നാണ് ഗോപാകൃഷ്ണന്‍ നായര്‍ സര്‍ക്കാരിന്‍റെ ദിവസക്കൂലിക്കാരനാകുന്നത്.

അത്രയും നാള്‍ ഇതേ കടവില്‍തന്നെ സ്വകാര്യക്കടത്തുകാരനായിരുന്നു. തുടക്കത്തിൽ 350 രൂപയായിരുന്നു ദിവസക്കൂലി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ജോലി സമയം. എങ്കിലും രാത്രി നാട്ടുകാരുടെ ആവശ്യമറിഞ്ഞ് കടത്ത് ജോലി ചെയ്യാനും ഗോപാലകൃഷ്ണന് മടിയില്ലായിരന്നുവെന്ന് കടത്തിനെ ആശ്രയിച്ചിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത കാലത്ത് പിണറായി സർക്കാർ തുല്യ ജോലിക്ക് തുല്യവേതനം എന്ന ആശയം നടപ്പാക്കിയതോടെ ദിവസക്കൂലി  600 രൂപയായി.

ജോലി പോയതോടെ ഇനി പെൻഷൻ ആനുകൂല്യം പോലും ഈ പാവപ്പെട്ട കടത്ത് കാരന് കിട്ടുകയില്ല, മറ്റ് ജോലികളൊന്നും അറിയുകയുമില്ല.  മഹാപ്രളയത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവർത്തനങ്ങൾ  മറ്റുള്ളവരോടൊപ്പം നടത്തി പലരേയും രക്ഷപെടുത്താനും അദ്ദേഹത്തിന് സാധിച്ചു.

തന്‍റെ ഇത്രയും നാളത്തെ കടത്ത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. വെള്ളത്തിൽ മുങ്ങി താണ്  മരണവുമായി മല്ലിട്ട രണ്ടു പേരെ അവസരോചിതമായി ഇടപെടല്‍മൂലം രക്ഷിക്കാൻ കഴിഞ്ഞത് ഇന്നും ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നു. സാമ്പത്തികമായി വളരെ പിന്നിലായ ഗോപാലകൃഷ്ണന്‍ നായര്‍ ഭാര്യയേയും രണ്ടു മക്കളേയും സംരക്ഷിക്കാന്‍ ഒരുമാര്‍ഗം തേടി മറ്റെവിടെയെങ്കിലും കടത്തു ജോലി അന്വേഷിക്കുകയാണ്. 

click me!