റബറിനും തേങ്ങയ്ക്കും അടക്കം വിലയിടിഞ്ഞു; പ്രതിസന്ധിയിലായി കര്‍ഷകര്‍, സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

By Web TeamFirst Published May 10, 2020, 7:04 PM IST
Highlights

ലോക്ക്ഡൗണ്‍ തുടരുന്നതോടെ സംസ്ഥാനത്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. റബറും തേങ്ങയുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാത്തതിനാല്‍ മണ്‍സൂണിന് മുമ്പ് നടത്തേണ്ട കാര്‍ഷിക പ്രവര്‍ത്തികള്‍ പോലൂം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍

കോഴിക്കോട്: ലോക്ക്ഡൗണ്‍ തുടരുന്നതോടെ സംസ്ഥാനത്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. റബറും തേങ്ങയുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലാത്തതിനാല്‍ മണ്‍സൂണിന് മുമ്പ് നടത്തേണ്ട കാര്‍ഷിക പ്രവര്‍ത്തികള്‍ പോലൂം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. വിപണിയില്‍ സര്‍ക്കാരിടപെടലാണ് ഇവരുടെ ആവശ്യം.

മലയോര മേഖലയില്‍ എറ്റവും പ്രതിസന്ധി റബര്‍ കര്‍ഷകര്‍ക്കാണ്. റബര്‍ ഷീറ്റുകള്‍ മിക്കയിടത്തും എടുക്കുന്നില്ല. വീടുകളിലിങ്ങനെ കെട്ടിക്കിടക്കുന്നു. ചിലയിടങ്ങളില്‍‍ കിലോയ്ക്ക് 90രൂപക്ക് റബറെടുക്കുന്നുണ്ട്. ലോക്ക്ഡൗണിന് മുമ്പ് 130 ആയിരുന്നു വില. റബര്‍ വാങ്ങുന്ന ടയര്‍ കമ്പനികളടക്കം പൂട്ടിയിട്ടിരിക്കുന്നതാണ് വാങ്ങുന്നത് നിര്‍ത്താന്‍ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. കയറ്റുമതിയില്ലാത്തതും വിലങ്ങുതടിയായി. 

അടക്കയുടെയും കുരുമുളകും ജാതിയുമടക്കമുള്ള മലയോര ഉല്‍പ്പന്നങ്ങളെല്ലാം വ്യാപാരികള്‍ വാങ്ങുന്നുണ്ട്. പക്ഷെ കര്‍ഷകന് ലഭിക്കുന്നത് കുറഞ്ഞ വില. ലോക്ക്ഡൗണിന് മുമ്പ് കിലോയ്ക്ക് 35 രുപക്കെടുത്തിരുന്ന തേങ്ങ ഇപ്പോഴെടുക്കുന്നത് 25 രുപക്ക്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയാന്‍ വിപണിയില്‍ സര്‍ക്കാറിടപെടണമെന്നാണ് കര‍്ഷകരുടെ ആവശ്യം. വ്യാപാരികള്‍ക്ക് നഷ്ടമെങ്കില്‍ സര്‍ക്കാര‍് സംഭരണം പോലുള്ള ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

click me!