
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരണപ്പെട്ടത്. മലകയറുന്നതിനിടെ നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതാണ്. മനഃപൂര്‍വ്വമായിരിക്കില്ലെങ്കിലും ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദനീയമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതേസമയം ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് നടപടിയെടുത്തത്. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 23 പൊലീസുകാരെ കണ്ണൂർ കെ എ പി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയക്കാൻ തീരുമാനിച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ ഡി ജി പി എസ് ശ്രീജിത്ത് നടപടിക്ക് നിർദ്ദേശം നൽകിയത്. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂർ കെ എ പി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്ര പരിശീലനം നൽകണമെന്നാണ് എ ഡി ജി പിയുടെ നിർദേശം. നടപടിയുടെ ഭാഗമായുള്ള പരിശീലനത്തിന്റെ കാലാവധി നിശ്ചയിച്ചിട്ടില്ല. നല്ല നടപ്പ് പരിശീലന കാലത്ത് പൊലീസുകാർക്ക് അവധിയടക്കം പരിമിതപ്പെടുത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം