പ്രളയദുരിതത്തിനൊപ്പം അധികൃതരുടെ വക 'ഇരുട്ടടിയും'; ജീവിതം വഴിമുട്ടി ഒരു കുടുംബം

By Jansen MalikapuramFirst Published Jun 5, 2019, 9:54 AM IST
Highlights

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടതിനുപിന്നാലെ പുരയിടത്തിലേക്ക് ഇങ്ങാനുള്ള വഴിയും ദേശീയപാത അധികൃതര്‍ കെട്ടിയടച്ചതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മാട്ടുപ്പെട്ടി സ്വദേശിയായ ജയരാജും കുടുംബവും

ഇടുക്കി: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടതിനുപിന്നാലെ പുരയിടത്തിലേക്ക് ഇങ്ങാനുള്ള വഴിയും ദേശീയപാത അധികൃതര്‍ കെട്ടിയടച്ചതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മാട്ടുപ്പെട്ടി സ്വദേശിയായ ജയരാജും കുടുംബവും. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. 

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ മാട്ടുപ്പെട്ടി ആറ് കരകവിഞ്ഞതോടെ ജയരാജിന്റെ വീട് ഭാഗീകമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും പുഴ കവര്‍ന്നെടുക്കുകയും ചെയ്തു.  റവന്യു അധിക്യതര്‍ നേരിട്ടെത്തി ഇവിടുത്തെ  അവസ്ഥ  സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ ഭാഗമായി 10000 രൂപ ധനസഹായം ലഭിച്ചു. എന്നാല്‍ വീട് പുനര്‍നിര്‍മ്മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

 രോഗിയായ ജയരാജിനെക്കൂടാതെ ഭാര്യ നവമണി, മകന്‍ കണ്ണന്‍, മരുമകള്‍ ഉമ, ഒന്നരവയസുള്ള ചെറുമകന്‍ ആദവ് എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. കാറ്റോ മഴയോ വന്നാല്‍ ഇവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് കരകയറാന്‍ പെടാപ്പാടുപെടുമ്പോഴാണ് വീട്ടിലേക്കുള്ള വഴി ദേശീയപാത അധിക്യതര്‍  കെട്ടിടയച്ചത്. ഓട്ടോയക്കമുള്ള വാഹനങ്ങള്‍ എത്തിക്കൊണ്ടിരുന്ന വീട്ടില്‍ ഇപ്പോള്‍ കാല്‍നടയായി പോലും എത്താന്‍ കഴിയുന്നില്ല. സംരക്ഷണ ഭിത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കരിങ്കല്‍ നടയിലൂടെ  ജീവന്‍ പണയംവെച്ചാണ് ഇവര്‍ സാധനങ്ങളുമായി വീട്ടിലെത്തുന്നത്.

കൊച്ചി-ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായാണ് മൂന്നാര്‍ പോലീസ് സ്‌റ്റേഷന് എതിര്‍വശത്ത് മാട്ടുപ്പെട്ടി ആറിന് സമീപത്ത്  സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. താമസക്കാരുടെ വഴിയടയ്ക്കാതെയും ശല്യങ്ങള്‍ സ്യഷ്ടിക്കാതെയും വേണം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരം വ്യവസ്ഥകള്‍ മൂന്നാറില്‍ നടപ്പിലാകുന്നില്ലെന്നുള്ളതാണ് വാസ്തവമെന്ന് ജയരാജ് പറയുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ജയരാജിന്റെയും കുടുബത്തിന്റെയും ആവശ്യം.   

click me!