
തൃശൂർ: റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങര കൊച്ചു മുണ്ടക്കത്തിൽ റോബിൻ സക്കറിയ (40) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം കോട്ട സ്വദേശി പാലപറമ്പിൽ വീട്ടിൽ മൈക്കിൾ ആബേൾ റോയ് എന്നയാൾ വിദേശത്ത് ജോലിക്കായി ശ്രമിക്കുമ്പോൾ ഒരു സുഹൃത്ത് വഴിയാണ് റോബിൽ സക്കറിയയെ പരിചയപ്പെടുന്നത്.
തുടർന്ന് സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ദിവസം 50 യുഎസ് ഡോളർ ശമ്പളം വാഗ്ദാനം നൽകി മൂന്ന് മാസത്തിനുള്ളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഗ്രിമെന്‍റ് എഴുതിയതിന് ശേഷം ആദ്യം 150,000 രുപയും പിന്നീട് 2,30,000 രുപയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയായിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ജോലി ശരിയാക്കി നൽകാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് റോബിൻ സക്കറിയ ഒളിവിൽപോവുകയായിരുന്നു.
ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതിയായ റോബിൻ സക്കറിയെ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലിൽ തടവിൽ കഴിയുന്നതായി അറിഞ്ഞ് ഇയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോർട്ട് നൽകുകയും വെള്ളിയാഴ്ച റോബിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളെ നടപടിക്രമങ്ങൾക്ക് ഇയാളെ കോടതിയൽ ഹാജരാക്കി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്തു.
റോബിൻ തിരുവല്ല പൊലീസ് സ്റ്റേഷനിൽ അഞ്ച് തട്ടിപ്പ് കേസുകളിലും, കണ്ണമാലി, അമ്പലപ്പുഴ, പുളിക്കീഴ്, പയ്യോളി, കോങ്ങാട് പൊലീസ് സ്റ്റേഷനുകളിലും ഓരോ തട്ടിപ്പ് കേസുകളും അടക്കം 11 ക്രമിനൽ കേസുകളുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം കെ, കശ്യപൻ ടി എം, എഎസ്ഐ രാജീവ് എന്നവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam