'പ്ലാസ്റ്റിക്കിനോട് വിടപറയാം'; ദേവികുളം ഗ്രാമപഞ്ചായത്തിന്‍റെ ഗ്രീന്‍ മാരത്തോണ്‍

By Web TeamFirst Published Nov 3, 2019, 9:40 PM IST
Highlights

ദേവികുളം ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന്‍റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ഗ്രീന്‍ മാരത്തോണ്‍...

ഇടുക്കി: പ്ലാസ്റ്റിക്കിനോട് വിടപറയാം എന്ന സന്ദേശവുമായി ദേവികുളം ഗ്രാമപഞ്ചായത്തിന്‍റെ ഗ്രീന്‍ മാരത്തോണ്‍. നാടിനെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെ മൂന്നാറില്‍ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കുന്നിന്‍റെ ഭാഗമായാണ് ദേവികുളം ഗ്രാമപഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ ഗ്രീന്‍ മാരത്തോണ്‍ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്കിനോട് വിടപറയാമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി നടന്ന മാരത്തോണില്‍ നിരവധിപേര്‍ പങ്കെടുത്തു. സിഗ്നല്‍ പോയിന്‍റില്‍ നിന്ന് മൂന്നാര്‍ ടൗണ്‍ ചുറ്റി പഴയമൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡിലാണ് മരത്തോണ്‍ സമാപിച്ചത്. 

ദേവികുളം ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന്‍റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ഗ്രീന്‍ മാരത്തോണ്‍ നടത്തിയത്. ആദ്യഘട്ടമെന്ന നിലയിലാണ് മൂന്നാറില്‍ ഇത്തരമൊരു ഗ്രീന്‍ മാരത്തോണിന് ദേവികുളം ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചതെന്ന് പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു. രണ്ടാംഘട്ടമായി മൂന്നാര്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനമാണ് ലക്ഷ്യമിടുന്നത്. 

മാട്ടുപ്പെട്ടി, എക്കോ പോയിന്‍റ് എന്നിവിടങ്ങളിലെത്തുന്ന സന്ദര്‍ശകരെ ബോധവത്കരിച്ചാല്‍ മൂന്നാറില്‍ നിന്ന് പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും. വ്യാപാരികളുടെ സഹകരണവും ഇത്തരം പദ്ധതികള്‍ യാഥാര്‍ത്യത്തിലെത്തിക്കാന്‍ സഹായകരമാകും. പലവട്ടം പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിയാത്തതും ചിവ വീഴ്ചകളാണ്. ഇതെല്ലാം പരിഹരിച്ച് പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം സീസണില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എസ് പാല്‍സ്വാമി, വൈസ് പ്രസിഡന്‍റ് കലാറാണി അമുതറാണി എന്നിവര്‍ പങ്കെടുത്തു.
 

click me!