
കൊല്ലം: വായ്പാ കുടിശ്ശിക അടച്ച് തീർക്കാൻ തയ്യാറായിട്ടും സഹകരണ ബാങ്ക്, വസ്തു വിട്ട് നല്‍കുന്നില്ലെന്ന് പരാതി. ബാങ്കിൽ നിന്നും നീതി തേടി ജപ്തി ചെയ്ത വസ്തുവിന് മുന്നിൽ മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടുംബം സമരം തുടങ്ങി. കൊല്ലം പാരിപ്പളളി സ്വദേശി രാധാകൃഷ്ണന്റെ കുടുംബമാണ് സമരം ചെയ്യുന്നത്.
പാരിപ്പള്ളി സ്വദേശി രാധാകൃഷ്ണ കുറുപ്പും ഭാര്യ വൈഗയും ചേർന്ന് 19 വർഷം മുൻപാണ് ഭൂമി പണയപ്പെടുത്തി നടക്കൽ സർവ്വീസ് സഹകരണ ബാങ്കില്‍ നിന്നും അമ്പത് ലക്ഷം രൂപ കടമെടുത്തത്. പണം ഉപയോഗിച്ച് തുടങ്ങിയ വ്യവസായം നഷ്ടത്തിലായതോടെ വായ്പ തിരിച്ചടവ് മുടങ്ങി. 2009 ൽ ബാങ്ക് ജപ്തി നടപടി തുടങ്ങി. രാധാകൃഷ്ണ കുറുപ്പ് കോടതിയെ സമീപിച്ചു.
90 ലക്ഷം രൂപ അടച്ചാൽ വസ്തു കുറുപ്പിന് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. 58 ലക്ഷം രൂപ കുറുപ്പ് തിരിച്ചടച്ചു. ബാക്കി തുക അടച്ചുതീർക്കാൻ സാവകാശം ചോദിച്ചു. എന്നാൽ ബാങ്ക് സമയം അനുവദിച്ചില്ല. ഇതോടെയാണ് വസ്തു ഇവർക്ക് നഷ്ടമായത്. കൈയ്യിലുണ്ടായിരുന്ന മുഴുവൻ പണവും അടച്ചുതീർത്തിട്ടും സ്വത്ത് തിരിച്ചുകിട്ടിയില്ല. ഇതോടെയാണ് ബാങ്കിന്‍റെ കനിവ് തേടി കുടുംബം സമരത്തിനിറങ്ങിയത്
അതേസമയം തുക അടച്ച് സ്ഥലം സ്വന്തമാക്കാൻ മൂന്ന് പ്രാവശ്യം അവസരം നല്‍കിയിട്ടും ഇവർ തയ്യാറായില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. വസ്തു വിട്ടുകിട്ടുന്നതിന് വേണ്ടി ബാങ്കില്‍ കെട്ടിവെച്ച തുക വിട്ട് നല്‍കാൻ തയ്യാറാണെന്നും ബാങ്ക് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീതി കിട്ടും വരെ സമരവും നിയമനടപടികളും തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam