
കൊച്ചി: സ്കൂളിന്റെ നിരവധി ബസുകൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ ഒരു പ്രമുഖ സ്കൂളിലെ ക്ലാസുകൾ താത്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകാൻ പാടില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശമാണ് തീരുമാനത്തിന് കാരണം.
നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതർക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാതെ വിദ്യാർഥികളുമായി വാഹനങ്ങൾ സർവീസ് നടത്തിയാൽ ബസുകൾ കസ്റ്റഡിയിലെടുക്കുമെന്ന മുന്നറിയിപ്പും മോട്ടോർ വാഹന വകുപ്പ് നൽകിയിരുന്നു. ഇതോടെയാണ് സ്കൂൾ അധികൃതർ ഓൺലൈൻ ക്ലാസിലേക്ക് മാറാൻ തീരുമാനിച്ചത്.
ചെറുതും വലുതുമായ 10 വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. എറണാകുളം ആർടിഒ കെആർ സുരേഷിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. പരിശോധനയ്ക്കിടെ ചില ബസുകൾ ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ടും സർവീസ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹനങ്ങൾ വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കി സർട്ടിഫിക്കറ്റ് നേടാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയത്. സ്കൂൾ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് ഫിറ്റ്നസ് പരിശോധന വൈകാൻ കാരണമായതെന്ന് സ്കൂൾ അധികൃതർ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam