Asianet News MalayalamAsianet News Malayalam

ഡ്യൂപ്ലിക്കേറ്റ് താക്കോൽ, വണ്ടി കയ്യിലായാലുടൻ നമ്പർ പ്ലേറ്റ് ഊരിമാറ്റും; വർക്ക് ഷോപ്പ് മെക്കാനിക്കായ മോഷ്ടാവ്

അന്വേഷണത്തിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്.

two wheeler mechanic arrested in bike theft case at kochi
Author
First Published Jan 21, 2023, 7:48 PM IST

കൊച്ചി : സ്ഥിരമായി  ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച്  വിൽപ്പന നടത്തി വന്ന വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന മോഷ്ടാവ് അറസ്റ്റിൽ. കുന്നത്തേരി പേകുഴി വീട്ടിൽ റഫീക്ക് (38) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉളിയന്നൂരിൽ നിന്നും തൃശൂർ കൊച്ചുകടവ് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ മറ്റ് മൂന്ന് ബൈക്കുകൾ കൂടി പിടികൂടി. എല്ലാം നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. മുൻപ് വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന റഫീക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു, പിന്നാലെ അച്ഛൻ ജീവനൊടുക്കി

അതേസമയം കൊച്ചിയിൽ തന്നെയുണ്ടായ മറ്റൊരു മോഷണക്കേസിൽ രണ്ട് പേർ പിടിയിലായി. എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേരാണ് കഴിഞ്ഞ ദിവസം പിടിയിൽ. ചേലാമറ്റം സ്വദേശികളായ ഫൈസൽ, പ്രശാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മ‌ർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. 

read more വർക്കലയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മർദ്ദിച്ചു, പ്രതിയെ അറസ്റ്റ് ചെയ്തു

കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷണം, കഞ്ചാവ് വിൽപന ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും  ഇയാൾ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ  ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios