
ചാരുംമൂട് : താമരക്കുളം കൊട്ടക്കാട്ടുശ്ശേരി ആര്യാലയത്തിൽ വത്സലയുടെ വീട്ടിൽ നിന്ന് ഏഴടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ട് നാലു മണിയോടെ വീടിന്റെ ഗോവണിക്ക് സമീപം പൂച്ച കരയുന്നത് കണ്ട് നോക്കുമ്പോഴാണ് ശക്തമായി ചീറ്റിക്കൊണ്ട് നിൽക്കുന്ന പാമ്പിനെ കണ്ടത്.
ഉടൻതന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്ന്റിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധൻ ചവറ ബിനു എത്തി വൈകിട്ട് ആറ് മണിയോടെ മുർഖനെ അതിവിദഗ്ധമായി പിടികൂടി ചാക്കിലാക്കി കൊണ്ടുപോയി. പാമ്പിനെ കൊല്ലം ഫോറസ്റ്റ് ഡിവിഷൻ ഏരിയയിൽ തുറന്നു വിടുമെന്ന് അറിയിച്ചു.
Read more: വഴിയേ പോയ തെരുവു നായയെ പിന്നാലെയെത്തി തല്ലി, കടിവാങ്ങി, തല്ലിക്കൊന്നു, കേസ് -വീഡിയോ
അതിനിടെ, മാറന്നല്ലൂരിൽ ചെടി നഴ്സറിയില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ ചാക്കിലാക്കിയ എസ് ഐ വാർത്തകളിൽ നിറഞ്ഞു. മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ കണ്ടലയിൽ ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. നഴ്സറിക്ക് സമീപത്തായി പെരുമ്പാമ്പിനെ കണ്ട് വഴിയാത്രക്കാർ ഭയന്നു നിൽക്കുന്നുണ്ടെന്നും പ്രദേശത്ത് ആളുകള്‍ കൂടിയതായും മാറനല്ലൂർ സ്റെഷനിൽ വിളി എത്തിയതോടെയാണ് എസ്ഐയും സംഘവും സ്ഥലത്തെതിയത്. മാറനല്ലൂർ എസ്.ഐ കിരൺ ശ്യാമും സംഘവും സ്ഥലത്തെത്തി ആള്‍കൂട്ടത്തെ നിയന്ത്രിച്ചു. ചെടികള്‍ക്കിടയില് പാമ്പിനെ കണ്ടതോടെ പിന്നെ മറ്റൊന്നും നോക്കാതെ എത്രയും വേഗം അതിനെ രക്ഷപ്പെടുത്തി ചാക്കിലാക്കാൻ എസ് ഐ ശ്യാം തീരുമാനിക്കുകയായിരുന്നു.
നഴ്സറിക്കുള്ളിലേക്ക് ഇറങ്ങിയ ശ്യാം ഒരു ചാക്കെടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പാമ്പിനെ കണ്ട സ്ഥലത്തേക്കിറങ്ങി ചെന്ന് വാലിൽ പിടുത്തമിട്ടു. തുടർന്ന് ചാക്ക് പിടിക്കാൻ ആവശ്യപ്പെടുകയും നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാമ്പിനെ ചാക്കിൽ ആക്കുകയും ചെയ്തു. ഇതിന് ശേഷം വനം വകുപ്പിനെ വിവരം അറിയിച്ചു. രാത്രിയോടെ വനം വകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ ഏറ്റെടുത്തു മടങ്ങി. പാമ്പിനെ കണ്ട സ്ഥിതിക്ക് വനം വകുപ്പിൽ നിന്നും ആള് എത്തുന്നത് വരെ കാത്ത് നിന്നാൽ ഒരുപക്ഷേ ജനം പാമ്പിനെ ഉപദ്രവിച്ചാലോ എന്ന് കരുതിയാണ് താൻ സ്വയം പാമ്പ് പിടുത്തക്കാരൻ ആവുകയായിരുന്നുവെന്ന് എസ്.ഐ കിരൺ ശ്യാം പറഞ്ഞു.