കണ്ണൂരിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് കേസ്
കണ്ണൂർ: കണ്ണൂരിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് കേസ്. കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായയെ തല്ലിക്കൊന്ന സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടു. കഴിഞ്ഞ വ്യാഴാഴ്ച ഒരുകൂട്ടം ആളുകൾ തെരുവ് നായയെ അടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യമായിരുന്നു പുറത്തുവന്നത്. റോഡിൽ അലസമായി നടക്കുന്ന തെരുവുനായയെ പിന്നിലൂടെ എത്തിയ ഒരാൾ ആദ്യം വടി ഉപയോഗിച്ച് അടിക്കുകയാണ്.
അടികൊണ്ട നായ മർദ്ദിച്ചയാളെ തിരിച്ച് ആക്രമച്ചു. കൈയ്യിൽ കയറി കടിച്ച പട്ടിയെ വലിച്ചെറിഞ്ഞ ഇയാളോടൊപ്പം മറ്റ് ചിലരും കൂടി എത്തി പട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുന്നതാണ് ദൃശ്യങ്ങളിൽ. അനക്കമില്ലാതെ കിടക്കുന്ന പട്ടിയെ വീണ്ടും വീണ്ടും വടികൊണ്ട് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read more: കണ്ണൂരില്‍ എട്ടുപേരെ കടിച്ച നായ ചത്തു, നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
അതേസമയം, അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ സുപ്രീംകോടതി അടിയന്തര അനുമതി നൽകിയില്ല. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം കോടതി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. കുടുംബശ്രീയെ എബിസി പദ്ധതിയിൽ നിന്ന് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹർജി നൽകാൻ സംസ്ഥാനത്തിന് കോടതി നിർദ്ദേശം നൽകി.
വ്യക്തികളും സന്നദ്ധ സംഘടനകളും ഒരോ സ്ഥലങ്ങളിലെ തെരുവുനായ ഭീഷണി ചൂണ്ടിക്കാട്ടി നൽകുന്ന ഹർജികൾ എല്ലാം കേൾക്കാൻ കഴിയില്ലെന്ന് ഇന്ന് സുപ്രീം കോടതി കോടതി വ്യക്തമാക്കി. ഇത്തരം കേസുകൾ തീർപ്പുക്കാൻ അതത് ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉൾപ്പടെയുള്ള പൊതു വിഷയങ്ങൾ മാത്രം സുപ്രീം കോടതി കേൾക്കും. കേരളത്തിലെ സാഹചര്യം സവിശേഷമാണെന്ന് അതേ സമയം കോടതി സമ്മതിച്ചു. കേരളത്തില്‍ ഒരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോർട്ട് പരാമർശിച്ച് കോടതി പറഞ്ഞു.
