
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസുകാരിക്ക് പുനർജൻമം. അഭിമാന നേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. ഓച്ചിറ കാപ്പിൽ വിഷ്ണു ഭവനിൽ ആന്റണി-വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ ലഭിച്ചത്.
ഹൃദയ ഭിത്തിയുടെ ജനിതക തകരാറ് മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച കുട്ടിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി മെഡിക്കൽ കോളേജിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ശ്വാസകോശത്തിൽ ഗുരുതര അണുബാധ കണ്ടെത്തി. ഇത് ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നുവെന്ന് കണ്ടെത്തി.
പിന്നീട് കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രൊഫസർ ഡോക്ടർ രതീഷ് രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നാല് മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിൻ്റെ പുറത്ത് ആവരണം വെച്ചാണ് രക്തക്കുഴലുകളുടെ തകരാറ് പരിഹരിച്ചത്. ആരോഗ്യ ഇൻഷുറൻസ് കാർഡില്ലാതിരുന്ന ഈ കുടുംബത്തിന് സൂപ്രണ്ടിൻ്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി ചികിത്സാ ആനുകൂല്യം ലഭ്യമാക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ 4 ലക്ഷത്തിലധികം രൂപാ ചെലവ് വരുന്ന ഈ ശസ്ത്രക്രിയക്ക് ഈ നിർധന കുടുംബത്തിന് ഒരു രൂപ പോലും ചെലവ് വന്നില്ല. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ഇതാദ്യമായാണ് ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ കുട്ടികളിൽ വിജയകരമായി നടത്തുന്നത്. തൻ്റെ മകളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദിയുണ്ടെന്ന് പിതാവ് ആൻ്റണി പറഞ്ഞു.
Read more: പാഴ് കടലാസിൽ നിന്ന് മനോഹര ശില്പങ്ങൾ, ശ്രദ്ധേയനാവുകയാണ് പ്രബീഷ്
അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ബിജു കെടി, ഡോ. ആനന്ദക്കുട്ടൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. വിമൽ, ഡോ. മാത്യം, പെർഫ്യൂഷൻ ബിജു. പികെ, നഴ്സുമാരായ രാജി, അനീഷ, അഞ്ജു, ഹസീന, നഴ്സിംഗ് അസിസ്റ്റൻ്റ് രതീഷ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു