എഞ്ചിന്‍ തകരാറായി ഉള്‍ക്കടലില്‍ ദിക്കറിയാതെ ഒഴുകി നടന്നത് മൂന്ന് നാള്‍; ഒടുവില്‍ അത്ഭുതകരമായ രക്ഷപ്പെടല്‍!

By Web TeamFirst Published Oct 6, 2022, 10:03 AM IST
Highlights

തകരാറിലായ എഞ്ചിന് പകരം മറ്റൊരു എഞ്ചിനുമായി രാജേഷും ബർക്ക്മാനും തിങ്കളാഴ്ച ഉച്ചയോടെ ഉൾക്കടലിൽ എത്തിയെങ്കിലും തങ്ങൾ നിശ്ചയിച്ച സ്ഥലത്ത് നങ്കൂരമിട്ടിരുന്ന വള്ളത്തെയും അതിലുണ്ടായിരുന്നവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം: അന്വേഷകരെ മൂന്ന് നാൾ ആകാംഷയുടെ മുൾമുനയിൽ നിർത്തി, കടലിൽ കാണാതായ പൂന്തുറ സ്വദേശികളായ ക്ലീറ്റസും, ചാർളിയും ഒടുവില്‍ തീരത്തണഞ്ഞു. ഇന്നലെ രാവിലെ തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഇവര്‍ കന്യാകുമാരി തീരത്ത് കയറിയത്. ഇരുവരും ഇന്നലെ വൈകുന്നേരത്തോടെ നാട്ടിൽ തിരിച്ചെത്തി. പൂന്തുറ സ്വദേശി ജെയ്സന്‍റെ 'സോജാമോൾ' എന്ന വള്ളത്തിൽ വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പുറപ്പെട്ട നാലംഗ സംഘത്തിൽപ്പെട്ടവരായിരുന്നു ക്ലീറ്റസും, ചാർളിയും. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സഹായികളായ രാജേഷ്, ബർക്ക്മാൻ എന്നിവരോടൊപ്പമായിരുന്നു ഇരുവരുടെയും യാത്ര. മീൻ പിടിച്ച് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന വള്ളത്തിലെ എൻജിൻ തകരാറിലായി. ഏകദേശം 25 കിലോമീറ്റർ ഉൾക്കടലിൽ അകപ്പെട്ട സംഘത്തിന് കരയിൽ വള്ളം എത്താനുള്ള മാർഗ്ഗവും ഇതോടെ അടഞ്ഞു. 

ഒടുവിൽ ക്ലീറ്റസിനെയും, ചാർളിയെയും പ്രവർത്തനം നിലച്ച വള്ളത്തിൽ ഇരുത്തിയ ശേഷം രാജേഷും  ബർക്ക്മാനും മീൻ പിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു വള്ളത്തിൽ കരയിലെത്തി. തുടർന്ന് തകരാറിലായ എഞ്ചിന് പകരം മറ്റൊരു എഞ്ചിനുമായി രാജേഷും ബർക്ക്മാനും തിങ്കളാഴ്ച ഉച്ചയോടെ ഉൾക്കടലിൽ എത്തിയെങ്കിലും തങ്ങൾ നിശ്ചയിച്ച സ്ഥലത്ത് നങ്കൂരമിട്ടിരുന്ന വള്ളത്തെയും അതിലുണ്ടായിരുന്നവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവർ നടത്തിയ അന്വേഷണം പരാജയപ്പെട്ടതോടെ ബന്ധുക്കൾ വിഴിഞ്ഞം മറൈൻ എൻഫോഴ്സിന്‍റെയും തീരദേശ പൊലീസിന്‍റെയും സഹായം നേടി. രണ്ട് ജീവനുകളുടെയും രക്ഷക്കായി മറൈൻ അംബുലൻസും, രക്ഷാബോട്ടുമായി സേനാ വിഭാഗങ്ങങ്ങളും വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളും ഉള്‍ക്കടലില്‍ തിരച്ചിലിനിറങ്ങി. 

മൂന്ന് ദിവസം ഉൾക്കടൽ മുഴുവനും അരിച്ച് പെറുക്കിയെങ്കിലും കാണാതായ സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ തീരസംരക്ഷണ സേനയുടെയും നേവിയുടെയും സഹായം തേടി. എന്നാൽ, ഇതിനിടെ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളം ശക്തമായ കടൽ ക്ഷോഭത്തിൽപ്പെട്ട് നിയന്ത്രണം തെറ്റി എങ്ങോട്ടെന്നില്ലാതെ ഒഴുകിയിരുന്നു. തിരച്ചിൽ നടത്തുന്ന സംഘത്തിന്‍റെ കണ്ണിൽപ്പെടാതെ രാവും പകലും അലഞ്ഞ വള്ളം ഒടുവില്‍ തമിഴ്നാട് മേഖലയിലാണ് എത്തിചേര്‍ന്നത്. കടലിൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന വള്ളത്തില്‍ ആഹാരവും വെള്ളവുമില്ലാതെ അവശരായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇന്നലെ രാവിലെയാണ് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കണ്ടത്. തുടര്‍ന്ന് തമിഴ്നാട് മത്സ്യത്തൊഴിലാളികള്‍ ഇരുവരെയും രക്ഷപ്പെടുത്തി കന്യാകുമാരിയിൽ എത്തിച്ചു. ക്ലീറ്റസിന്നും ചാർളിക്കും ഭക്ഷണവും അടിയന്തര വൈദ്യസഹായവും മറ്റ് സഹായങ്ങളും ഇവര്‍ ഒരുക്കി. ഒടുവിൽ കന്യാകുമാരിയിലെ ഒരു ഇടവകയുടെ സഹായത്താൽ, അവര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിൽ ഇന്നലെ  വൈകുന്നേരത്തോടെ ഇരുവരും നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 
 

കൂടുതല്‍ വായനയ്ക്ക്: വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ വേഗം 97.2 കി.മി, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി

click me!