കാണാതാകുമ്പോൾ ഏഴ് തികഞ്ഞിരുന്നില്ല, രാഹുലിന്റെ തിരോധാനത്തിന് പതിനേഴ് വയസ്

By Web TeamFirst Published May 18, 2022, 3:37 PM IST
Highlights

മാതാപിതാക്കൾക്കൊപ്പം മുത്തശ്ശി സുശീലാദേവിയും പിന്നെ രാഹുൽ കണ്ടിട്ടില്ലാത്ത ഒൻപതാം ക്ലാസുകാരിയായ പെങ്ങൾ ശിവാനിയും രാഹുലിന്റെ വിളിക്കുവേണ്ടി കാത്തിരിപ്പുണ്ട്...

ആലപ്പുഴ: രാഹുലിന്റെ തിരോധാനത്തിന് ഇന്ന് പതിനേഴ് വയസ്. വർഷങ്ങൾക്ക് മുമ്പ് കൺമുന്നിൽ നിന്ന് മറഞ്ഞ മകനെ ഓർത്ത് ഇന്നും നീറി നീറി കഴിയുകയാണ് ആലപ്പുഴ ജില്ലയിൽ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ എ ആർ രാജുവും മിനിയും. 2005 മേയ് 18 നാണ് രാഹുലിനെ കാണാതാവുന്നത്. മധ്യവേനൽ അവധിക്കാലത്ത് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുൽ അപ്രത്യക്ഷനാകുമ്പോൾ 7 വയസ്സ് തികഞ്ഞിരുന്നില്ല. 

അടുത്ത ഒക്ടോബറിൽ (കന്നിയിലെ വിശാഖം) രാഹുലിന് 24 വയസ്സ് പൂർത്തിയാകും. രാഹുലിന്റെ തിരോധാനത്തോടെ ഗൾഫിൽനിന്ന് തൊഴിൽ ഉപേക്ഷിച്ചു വന്ന രാജു പിന്നീട് ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ മിനിക്ക് ലഭിച്ച ജോലിയാണ് ആശ്രയം. കൊവിഡിനെത്തുടർന്ന് 15 ദിവസമേ ജോലിയുള്ളൂ, ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും രാഹുലിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 

തിരോധാനത്തെ തുടർന്ന് പല കഥകളും നാട്ടിൽ പ്രചരിച്ചു. രാഹുലിനെ കാണാതായപ്പോൾ സിബിഐ അന്വേഷണത്തിനും തുടരന്വേഷണത്തിനും വേണ്ടി കോടതിയെ സമീപിച്ച മുത്തച്ഛൻ ശിവരാമ പണിക്കർ ഓർമയായി. മാതാപിതാക്കൾക്കൊപ്പം മുത്തശ്ശി സുശീലാദേവിയും പിന്നെ രാഹുൽ കണ്ടിട്ടില്ലാത്ത ഒൻപതാം ക്ലാസുകാരിയായ പെങ്ങൾ ശിവാനിയും രാഹുലിന്റെ വിളിക്കുവേണ്ടി കാത്തിരിപ്പുണ്ട്

click me!